ഇടുക്കി വണ്ടന്‍മേട് പാലത്തറ വീട്ടില്‍ പി.എം. സുരേഷ് (46) ഇനി 5 പേരിലൂടെ ജീവിക്കും. എറണാകുളം രാജഗിരി ആശുപത്രിയില്‍ വെച്ച് മസ്തിഷ്‌ക മരണം സംഭവിച്ച സുരേഷിന്റെ അവയവങ്ങള്‍ ബന്ധുക്കള്‍ ദാനം ചെയ്തു. കരള്‍, രണ്ട് വൃക്ക, രണ്ട് കണ്ണ് എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. തീവ്രമായ വേദനയ്ക്കിടയിലും അവയവദാനത്തിനായി മുന്നോട്ട് വന്ന കുടുംബത്തെ സംസ്ഥാന സർക്കാർ ആദരവറിയിച്ചു.
ലോഡിംഗ് തൊഴിലാളിയായ സുരേഷ് സെപ്റ്റംബര്‍ 24ന് രാത്രിയോടെ വണ്ടന്‍മേട്ടിലെ ജോലി സ്ഥലത്തെ സ്റ്റെപ്പില്‍ നിന്നും തെന്നി താഴേക്ക് വീണാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ 25ന് എറണാകുളം രാജഗിരി ആശുപത്രിയിലെത്തിച്ചു. ചികിത്സകള്‍ പുരോഗമിക്കമേ കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.
അവയവദാനത്തിന് ഭാര്യ ബിന്ദു സുരേഷ്, മക്കള്‍ അജീഷ് (22), വിനീഷ് (19), വീണ (17) എന്നിവര്‍ സ്വമേധയാ രംഗത്ത് വരികയായിരുന്നു. അച്ഛന്‍ തന്നെ അവയവദാനത്തിന്റെ മഹത്വത്തെ കുറിച്ച് പറഞ്ഞിരുന്നതായി മകനും ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയുമായ വിനീഷ് പറഞ്ഞു.
കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള സൂപ്പര്‍ അര്‍ജന്റ് രോഗിയ്ക്കാണ് നല്‍കുന്നത്. ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജ്, ഒരു വൃക്ക ലേക് ഷോര്‍ കൊച്ചി, കണ്ണുകള്‍ എല്‍.എഫ്. അങ്കമാലി എന്നിവിടങ്ങളില്‍ ചികിത്സയിലുള്ള അവയവങ്ങള്‍ യോജിച്ച രോഗികള്‍ക്കാണ് നല്‍കുന്നത്.
അവയവദാന പ്രക്രിയയ്ക്കും സുഗമമായ യാത്രയ്ക്കും വേണ്ട ക്രമീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട് എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പൊലീസ് ഉദ്യോഗസ്ഥര്‍ ഗ്രീന്‍ ചാനല്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. കെ.എന്‍.ഒ.എസ്. നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാന പ്രക്രിയയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.