വന്ദേഭാരതില്‍ പോസ്റ്റര്‍ ഒട്ടിച്ച സംഭവം; പഞ്ചായത്തംഗം ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പിഴ

വന്ദേഭാരത് എക്‌സ്പ്രസില്‍ വി.കെ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ അഞ്ചു പേരെ റെയില്‍വേ സുരക്ഷാസേന അറസ്റ്റ് ചെയ്തു. അഞ്ച് പേരില്‍ നിന്നും 1000 രൂപവീതം പിഴയീടാക്കി, റെയില്‍വേ കോടതി ജാമ്യത്തില്‍ വിട്ടു.

അട്ടപ്പാടി പുതൂര്‍ പഞ്ചായത്തംഗവും പുതൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമായ ആനക്കല്‍ സെന്തില്‍ കുമാര്‍ (31), പി.എം ഹനീഫ (44), മുഹമ്മദ് സഫല്‍ (19), മുഹമ്മദ് ഹാഷിദ് (19), എം. കിഷോര്‍കുമാര്‍ (34) എന്നിവരാണ് അറസ്റ്റിലായത്.

കോടതി പിരിയും വരെ അഞ്ചുപേരെയും കോടതിയില്‍ നിര്‍ത്തുകയും ചെയ്തു. പ്രധാനമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്ത തീവണ്ടി ഷൊര്‍ണൂരില്‍ എത്തിയപ്പോഴായിരുന്നു പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിച്ചത്.

Read more

മഴപെയ്തപ്പോള്‍ തീവണ്ടിക്ക് മുകളില്‍ വീണ വെള്ളത്തില്‍ പോസ്റ്റര്‍ പതിക്കുകയായിരുന്നു. പോസ്റ്ററുകള്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്‌തെങ്കിലും പരാതിയായതോടെ കേസെടുത്തു. പിന്നീട് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ആര്‍പിഎഫ് ഇവരെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.