ദേശീയപാതയിലെ കുഴികളുടെ വിഷയത്തില്‍ മന്ത്രി മുഹമ്മദ് റിയാസുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ദേശീയപാതയിലെ കുഴികളടയ്ക്കണമെന്ന് അധികൃതരെ അറിയിച്ചിരുന്നെന്ന് പറഞ്ഞ മുഹമ്മദ് റിയാസിന്റെ വാദത്തെ കേന്ദ്രമന്ത്രി തള്ളി. ഇക്കാര്യം കേന്ദ്ര സര്‍ക്കാരുമായി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത അതോറിറ്റി സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കുന്നില്ല എന്ന ആരോപണം ശരിയല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുന്‍കാല സര്‍ക്കാരുകളേക്കാള്‍ ദേശീയപാതാ വികസനത്തിനായി കേരളത്തെ പരിഗണിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. റോഡ് വികസനത്തിനായി മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ തുക സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്.
കുതിരാന്‍ അടക്കം സംസ്ഥാനത്തിനായുള്ള കേന്ദ്ര ഇടപെടലുകള്‍ ഇതിനു തെളിവാണ്. ദേശീയപാത വികസനത്തില്‍ പോരായ്മകളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനു കേന്ദ്രം തയാറാണെന്നും മുരളീധരന്‍ പറഞ്ഞു.