നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി മൂന്നാം പ്രതി അഞ്ജലി റിമാ ദേവ്. ഒരു എംഎല്‍എയുടെ ഭാര്യ ഉള്‍പ്പെടെ ആറ് പേര്‍ നടത്തിയ ഗൂഢാലോചനയാണ് പോക്‌സോ കേസിന് പിന്നിലെന്ന് അഞ്ജലി ആരോപിച്ചു. ഇന്ന്
എംഎല്‍എയുടെ ഓഫീസിലെ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചോദ്യം ചെയ്തതാണ് ഇത്തരത്തില്‍ തന്നെ കുടുക്കാന്‍ കാരണമായതെന്ന് അഞ്ജലി വെളിപ്പെടുത്തി. എന്നാല്‍ ആരാണ് എംഎല്‍എ എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. കോഴിക്കോട് കേന്ദ്രീകരിച്ച് നടന്ന കള്ളപ്പണ ഇടപാടിന് ഇടനിലക്കാരിയായിരുന്ന ആളാണ് പരാതി നല്‍കിയ യുവതി. ഇക്കാര്യം താന്‍ പുറത്ത് പറയുമോ എന്ന് ഭയന്നാണ് തനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത് എന്നും അഞ്ജലി പറയുന്നു.
അഞ്ജലി ഇന്ന് രാവിലെ കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഒന്നാം പ്രതി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടും, രണ്ടാം പ്രതി സൈജു തങ്കച്ചനുമാണ്. ഇരുവരും പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കോഴിക്കോട് സ്വദേശിയായ അമ്മയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയിലാണ് പൊലീസ് കേസെടുത്തത്. 2021 ഒക്ടോബര്‍ 20-ന് ഹോട്ടലില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.