ന്യായീകരിക്കാൻ കഴിയാത്ത തെറ്റാണു പിപി ദിവ്യ ചെയ്തതെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം. ജില്ലാ സമ്മേളനത്തിൽ സെക്രട്ടറി എംവി ജയരാജൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് വിമർശനമുള്ളത്. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ തെറ്റായ പ്രസംഗമാണ് ദിവ്യ നടത്തിയത്. ഇതിനെ ന്യായീകരിക്കാൻ കഴിയില്ല. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിപിഐഎം അനുശോചിക്കുകയും ചെയ്തു.
ജില്ലാ കമ്മിറ്റിയിൽനിന്നു ചിലരെ ഒഴിവാക്കേണ്ടിവന്ന സാഹചര്യം പരാമർശിക്കുന്നതിനൊപ്പമാണു ദിവ്യയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച വിലയിരുത്തിയിരിക്കുന്നത്. ജില്ലാ കമ്മിറ്റി അംഗങ്ങളെ കുറിച്ച് പരാമർശിക്കുന്ന ഭാഗത്താണ് ദിവ്യക്കെതിരായ വിമർശനം. ഈ അച്ചടക്ക നടപടിക്കു സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടിലെ പരാമർശം.
കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ അനുശോചന പ്രമേയത്തിലാണ് നവീൻ ബാബുവിന് അനുശോചനം അർപ്പിച്ചത്. നവീൻ ബാബുവിൻ്റെ പേര് പ്രത്യേകം പരാമർശിച്ചാണ് അനുശോചനം. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും വിവാദ പെട്രോൾ പമ്പ് ഉടമ പ്രശാന്തന്റെ ബന്ധുവും കൂടിയായ പിവി ഗോപിനാഥാണ് അനുശോചന പ്രമേയം അവതരിപ്പിച്ചത്. പെട്രോൾ പമ്പിനായി ഗോപിനാഥ് ഇടപെട്ടിരുന്നു എന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ ഗോപിനാഥ് ആരോപണം നിരസിച്ചിരുന്നു.
പിപി ദിവ്യയുടെ പ്രസംഗം കൂടാതെ തുടർഭരണത്തിലെ രാഷ്ട്രീയ പ്രതിസന്ധി, ഇപി ജയരാജൻ – പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ച, ആത്മകഥാ വിവാദം, മനു തോമസ് ഉന്നയിച്ച സ്വർണക്കടത്ത് ആരോപണങ്ങൾ, നേതാക്കളുടെ ബിനാമി സ്വത്ത് സമ്പാദന ആരോപണങ്ങളും സമ്മേളനത്തിൽ ചർച്ചയാകും. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എംവി ജയരാജൻ ഒഴിവായേക്കുമെന്നാണ് സൂചനകൾ. നിലവിലെ ടേം വ്യവസ്ഥ പ്രകാരം എംവി ജയരാജൻ മാറേണ്ട സാഹചര്യം ഇല്ലെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ഒഴിഞ്ഞേക്കും. കെകെ രാഗേഷോ ടിവി രാജേഷോ ജില്ലാ സെക്രട്ടറി പദത്തിലേക്ക് എത്താനും സാധ്യതയുണ്ട്. മൂന്നാം തീയതിയാണ് സമ്മേളനം സമാപിക്കുക.