കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് അന്വേഷണം നേരിടുന്നതിനിടെ ഈസ്റ്റര്‍ ആശംസകളുമായി മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. യൂട്യൂബില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോ ലിങ്ക് മറ്റ് സോഷ്യല്‍ മീഡിയകളിലും ദിവ്യ പങ്കുവച്ചിട്ടുണ്ട്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഈസ്റ്റര്‍ ആശംസകള്‍ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയുടെ ഉള്ളടക്കം ഇങ്ങനെ;
എല്ലാവര്‍ക്കും നമസ്‌കാരം ഈസ്റ്റര്‍ ആശംസകള്‍. പെസഹവ്യാഴം, ദുഃഖ വെള്ളി, ഈസ്റ്റര്‍ ഇത് നമുക്ക് ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഈസ്റ്റര്‍ നമ്മെ ഓര്‍പ്പിക്കുന്ന ലളിതമായ സത്യം തിന്മയുടെ മേല്‍ അവസാനത്തെ ജയം നന്മയ്ക്കായിരിക്കും എന്നാണ്. നിസ്വാര്‍ത്ഥരായ മനുഷ്യര്‍ക്കായി ചോദ്യങ്ങള്‍ ഉയര്‍ത്തിയതിനാലാണ് യേശുവിന് കുരിശുമരണം വിധിക്കപ്പെട്ടത്.
വാക്കിലോ പ്രവര്‍ത്തിയിലോ മനോഭാവത്തിലോ തെറ്റൊന്നും ചെയ്യാത്തവനായിരുന്നു യേശു. എല്ലാവരുടെയും നന്മമാത്രം ആഗ്രഹിച്ചവന്‍, നെറികേട് കണ്ടാല്‍ ചാട്ടവാറെടുത്ത നീതിമാനായിരുന്നു അദ്ദേഹം. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയെന്ന് ഉറക്കെ പറഞ്ഞ മനുഷ്യസ്‌നേഹി. എന്നിട്ടും മതമേലദ്ധ്യക്ഷന്മാരും ഭരണകൂടവും അവനെതിരായി നിന്ന് തെറ്റായ ആരോപണം ഉന്നയിച്ച് ക്രൂശിച്ച് കൊന്നു. ഒപ്പമിരുന്ന് അത്താഴം കഴിച്ചവരായിരുന്നു ഒറ്റികൊടുത്തത്. ഒപ്പം നടന്നവരായിരുന്നു കല്ലെറിഞ്ഞത്.
എത്ര സത്യസന്ധമായി ജീവിച്ചാല്‍ പോലും ആള്‍ക്കൂട്ടം കാര്യമറിയാതെ കല്ലെറിയും. എങ്കിലും നമ്മുടെ ജീവിതം സത്യസന്ധമാണെങ്കില്‍ ഇന്ന് അല്ലെങ്കില്‍ നാളെ ഏത് പാതാളത്തില്‍ ആണെങ്കിലും കുതിച്ചുയര്‍ന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാമെന്ന് സന്ദേശമാണ് ഈസ്റ്റര്‍ നല്‍കുന്നത്. ഇരയുടെ വേദന തിരിച്ചറിയാത്തിടത്തോളം കാലം സമൂഹത്തിന്റെ മനസ് എന്നും വേട്ടക്കാരന്റേത് തന്നെയാണ്. നമുക്കൊരു പതനം ഉണ്ടാകുമ്പോള്‍ കൂടെ ആരൊക്കെ ഉണ്ടാകുമെന്ന് തിരിച്ചറിവും ഈ അവസരത്തില്‍ നമുക്ക് പാഠമാകും.
മുള്‍ക്കിരീടം അണിയുമ്പോഴും കുരിശിലേറ്റുമ്പോഴും മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ വിധി ഏറ്റുവാങ്ങി. നന്മയുടെയും സ്‌നേഹത്തിന്റെയും നായകന്‍ നമ്മെ പഠിപ്പിക്കുന്നത്, നിലപാടുകള്‍ക്ക് മുള്‍ക്കിരീടം അണിയേണ്ടിവന്നാലും കുരിശുമരണം വിധിച്ചാലും ഒരുനാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും എന്നാണ്. വേട്ടയാടപ്പെട്ടവരുടെ അത്യന്തിക സത്യത്തിന്റെ ദിനം വരിക തന്നെ ചെയ്യും. വെള്ളിയാഴ്ച സത്യത്തെ ക്രൂശിച്ചാല്‍ അത് ഞായറാഴ്ച ഉയര്‍ത്തെഴുന്നേല്‍ക്കും എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍.