എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ പൊലീസ് കേസെടുത്ത സിപിഎം നേതാവ് പിപി ദിവ്യ സെനറ്റ് അംഗമായി തുടരുന്നതില്‍ കണ്ണൂര്‍ സര്‍വകലാശാലയോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദ്ദേശം.
ഹൈക്കോടതി അഭിഭാഷകനായ കുളത്തൂര്‍ ജയ്സിങ് നല്‍കിയ പരാതിയിലാണ് ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ പിപി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചിരുന്നു. പിപി ദിവ്യ സെനറ്റ് അംഗത്വത്തില്‍ തുടരുന്നത് ചട്ടലംഘനം ആണെന്നും ഉടന്‍ നീക്കം ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് പിപി ദിവ്യയെ കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് അംഗമായി പരിഗണിച്ചത്. സര്‍ക്കാരായിരുന്നു പിപി ദിവ്യയെ സെനറ്റ് അംഗമായി ശിപാര്‍ശ ചെയ്തത്. വിഷയത്തില്‍ ഗവര്‍ണര്‍ വിശദീകരണം തേടിയ സാഹചര്യത്തില്‍ പിപി ദിവ്യയെ സെനറ്റ് അംഗത്വത്തില്‍ നിന്ന് നീക്കം ചെയ്യാനാണ് സാധ്യത.