നഷ്ടപ്പെട്ടത് മഹാനായ കഥാകാരനെയാണെന്ന് സിപിഐഎം നേതാവ് പ്രകാശ് കാരാട്ട്. മഹത്തായ സംഭാവനകൾ അദ്ദേഹം മലയാളത്തിന് നൽകിയിട്ടുണ്ടെന്നും ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും പ്രഗത്ഭനായ സാഹിത്യകാരനാണ് എംടിയെന്നും പ്രകാശ് കാരാട്ട് അനുസ്മരിച്ചു. അതേസമയം കേരളത്തിൽ മാത്രമല്ല രാജ്യത്തിന് പുറത്തും ഇന്ത്യൻ സാഹിത്യത്തെ അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് എം ടി വാസുദേവൻ നായരെന്നും പ്രകാശ് കാരാട്ട് അനുസ്മരിച്ചു.
സിനിമയിലും സാഹിത്യത്തിലും ഉൾപ്പടെ വിവിധ മേഖലകളിൽ മഹത്തായ സംഭാവനകൾ എംടി നൽകിയെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഫാസിസത്തിന് എതിരെയൂം ശക്തമായി നിലകൊണ്ട വ്യക്തിത്വമാണ് എം ടി വാസുദേവൻ നായർ. വർഗീയ ശക്തികൾക്ക് എതിരെ നിരന്തരം നിലപാട് എടുത്ത വ്യക്തിയാണ് എംടിയെന്നും പ്രകാശ് കാരാട്ട് അനുസ്മരിച്ചു. തെക്കൻ മലബാറിലെ സാമൂഹ്യ ജീവിതത്തെക്കുറിച്ച് എംടി എഴുതിയത് മറക്കാൻ കഴിയില്ലെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.
അതേസമയം വിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ഭൗതികശരീരം കൊട്ടാരം റോഡിലുള്ള അദ്ദേഹത്തിൻ്റെ വസതിയായ സിതാരയിൽ വ്യാഴാഴ്ച അർധരാത്രിയോടെ എത്തിച്ചു. സംസ്കാരം വൈകിട്ട് 5ന് മാവൂർ റോഡ് ശ്മശാനത്തിൽ വെച്ച് നടക്കും. ഇന്ന് 4 വരെ അദ്ദേഹത്തിൻ്റെ വീട്ടിൽ അന്തിമോപചാരം അർപ്പിക്കാം. നടൻ മോഹൻലാൽ, എം എൻ കാരശ്ശേരി, മന്ത്രി എ കെ ശശീന്ദ്രൻ, എം പി ഷാഫി പറമ്പിൽ, എം സ്വരാജ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാൻ വീട്ടിലെത്തി.