ഹിന്ദുമഹാ സമ്മേളനം ഉദ്ഘാടനം ചെയ്ത ഗവര്‍ണറെ രാഷ്ട്രപതി തിരിച്ചു വിളിക്കണം: പി. കെ ഫിറോസ്

പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് വിവാദമായി മാറിയ ഹിന്ദു മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത ഗവര്‍ണര്‍ ആറിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. നേരത്തെ വിദ്വേഷ പരാമര്‍ശം നടത്തിയിട്ടുളള ആളുകളും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇത് അറിഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇക്കാര്യം രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു മഹാസമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരുടെയും പ്രസംഗങ്ങള്‍ പരിശോധിക്കണം. മറ്റുള്ളവര്‍ക്കെതിരെയും നടപടി സ്വീകരിക്കണം. വെറുപ്പ് പ്രചരിപ്പിക്കാന്‍ മാത്രമാണ് സമ്മേളനം സംഘടിപ്പിച്ചത്. ഇതിന്റെ സംഘാടകര്‍ക്കെതിരെയും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read more

ഭരണകൂടത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹകുറ്റമായി കാണുന്ന ബി.ജെ.പിയാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് വാചാലരാകുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കൂട്ടുപിടിച്ചുള്ള സംഘപരിവാറിന്റെ വര്‍ഗീയ നീക്കത്തെ കേരളം ഒറ്റക്കെട്ടായി തള്ളിക്കളയുമെന്നും പി.കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു. പി സി ജോര്‍ജിനെ കാണാന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ എ ആര്‍ ക്യാമ്പില്‍ പോയത് മന്ത്രിയുടെ പദവിക്ക് നിരക്കാത്ത നടപടിയാണെന്നും ഫിറോസ് പറഞ്ഞു.