പാലിനും മദ്യത്തിനും വില കൂടും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

പാലിനും മദ്യത്തിനും വില കൂട്ടുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. പാല്‍ ലിറ്ററിന് 6 രൂപയാണ് വര്‍ദ്ധിക്കുക. മദ്യത്തിന് പരമാവധി 10 രൂപ വരെ വര്‍ദ്ധിപ്പിച്ചേക്കും. വിറ്റുവരവ് നികുതി ഒഴിവാക്കിയതിലെ നഷ്ടം നികത്താനാണ് മദ്യവിലകൂട്ടുന്നത്.

മദ്യകമ്പനികള്‍ ബവറിജസ് കോര്‍പ്പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ തത്വത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് ഒഴിവാക്കുമ്പോള്‍ 175 കോടി വരെ വരുമാന നഷ്ടമാണ് സര്‍ക്കാരിന് വരിക. നികുതി ക്രമീകരണം സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടാണ് മന്ത്രിസഭാ യോഗം പരിഗണിക്കുന്നത്.

എല്ലാ ബ്രാന്‍ഡുകള്‍ക്കും വിലകൂട്ടണോ അതോ പ്രീമിയം ബ്രാന്‍ഡുകള്‍ക്കുമാത്രം വില വര്‍ധിപ്പിച്ചാല്‍ മതിയോ എന്നതില്‍ മന്ത്രിസഭ തീരുമാനമെടുക്കും. നേരിയ വിലവര്‍ദ്ധന മതി എന്നാണ് സര്‍ക്കാരിലെ പൊതു അഭിപ്രായം.

Read more

സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം പുനരാരംഭിക്കുന്ന കാര്യവും ഇന്നത്തെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നേക്കും. സില്‍വര്‍ലൈന്‍ പദ്ധതിക്കായി റവന്യൂ വകുപ്പില്‍ നിന്ന് നിയോഗിച്ച് 205 ജീവനക്കാരെ തിരികെ വിളിക്കുന്നതും അജന്‍ഡക്ക് പുറത്തുള്ള ഇനമായി മന്ത്രിസഭായോഗം ആലോചിക്കും.