കെ.എസ്.ഇ.ബി യുടെ വൈദ്യുതി പ്രസരണ വിതരണ പദ്ധതികളുടെ കൺസൾട്ടൻസി കരാറും പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന്. വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് 2019- ൽ കൺസൾട്ടൻസി കരാർ പിഡബ്ല്യുസിയ്ക്ക് നൽകിയത് എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. കൺസൾട്ടൻസി കരാർ നേടിയ പിഡബ്ല്യുസി കമ്മീഷനു നൽകിയ കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിതരണ പദ്ധതികളുടെ സാമ്പത്തിക വിലയിരുത്തൽ 2019 ജൂൺ ഒന്നിനാണ് പിഡബ്ല്യുസിയെ ഏൽപ്പിച്ചത്.
എസ്റ്റിമേറ്റ് തുക വിവാദത്തിലാക്കിയ ട്രാൻസ്ഗ്രിഡ് പ്രസരണ പദ്ധതിയുടെ സാമ്പത്തിക വിലയിരുത്തലും നിർവഹിച്ചത് പിഡബ്ല്യുസി ആണ്. കെ എസ് ഇ ബി തയ്യാറാക്കിയ ട്രാൻസ്ഗ്രിഡ് പ്രസരണ പദ്ധതിയുടെ ഡി.പി ആർ 3,280.2 കോടി രൂപയായിരുന്നു. പിഡബ്ല്യുസി നടത്തിയ സാമ്പത്തിക വിലയിരുത്തലിന് ശേഷം തുക 3,733.88 കോടി രൂപയായി വർദ്ധിച്ചു. നാൽപ്പത് പ്രസരണ പദ്ധതികളുടെ സാമ്പത്തിക വിലയിരുത്തലാണ് പിഡബ്ല്യുസി നിർവഹിച്ചത്. ഒരു പദ്ധതിക്ക് 12 ലക്ഷം രൂപ വീതം കൺസൾട്ടൻസി ചാർജ് പിഡബ്ല്യുസിയ്ക്ക് നൽകി എന്നാണ് റിപ്പോർട്ട്.
കൺസൾട്ടൻസി കരാർ പിഡബ്ല്യുസിയെ ഏൽപ്പിച്ചത് റെഗുലേറ്ററി കമ്മീഷന്റെയും വൈദ്യുതി ബോർഡ് ഉന്നത ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തിൽ ആണ്. 4,036 കോടി രൂപയുടെ വൈദ്യുതി വിതരണ പദ്ധതികളുടെ ചെലവ് വിലയിരുത്തലും റെഗുലേറ്ററി കമ്മീഷൻ ഏൽപ്പിച്ചത് പിഡബ്ല്യുസിയെ ആണ്. അഞ്ച് വൈദ്യതി ബോർഡുകളുടെ സർക്കിളുകളിലെ പദ്ധതികൾ ആണ് പിഡബ്ല്യുസി പുനഃപരിശോധിച്ചത്. കെ എസ് ഇ ബി ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതിൽ ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു.