ലതികാ സുഭാഷിനെ അനുനയിപ്പിക്കാന്‍ വീട്ടിലെത്തി പ്രിന്‍സ് ലൂക്കോസ്; വൈകിപ്പോയെന്ന് ലതിക

ഏറ്റുമാനൂർ മണ്ഡലത്തിൽ സ്വതന്ത്രയായി മത്സരിക്കാന്‍ ഒരുങ്ങുന്ന ലതികാ സുഭാഷിനെ അനുനയിപ്പിക്കാന്‍ കോട്ടയത്തെ യു.ഡി.എഫ് നേതാക്കളും ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിന്‍സ് ലൂക്കോസും ലതികയുടെ വീട്ടിലെത്തി.

ലതികാ സുഭാഷിന്റെ കാല്‍ തൊട്ട് വന്ദിച്ചാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിന്‍സ് ലൂക്കോസ് വീടിനകത്തേക്ക് കയറിയത്. തുടര്‍ന്ന് യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന് അഭ്യർത്ഥിച്ചു. എന്നാല്‍ ഏറെ വൈകിപ്പോയെന്നായിരുന്നു ലതിക പ്രിന്‍സ് ലൂക്കോസിന് നൽകിയ മറുപടി.

പ്രിന്‍സ് ലൂക്കോസിനോട് തനിക്ക് എതിര്‍പ്പില്ലെന്നും അദ്ദേഹത്തെ തന്റെ സഹോദരനായാണ് കാണുന്നതെന്നും ലതിക പറഞ്ഞു. എന്നാൽ യു.ഡി.എഫില്‍ നിന്നും നേരിട്ട അവഗണനയുടെ ഫലമായാണ് ഇപ്പോള്‍ താന്‍ മുന്നോട്ട് പോകുന്നത്. തന്നോട് ക്ഷമിക്കണമെന്നും ലതികാ സുഭാഷ് പറഞ്ഞു. പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കാര്യങ്ങള്‍ വൈകിട്ട് തീരുമാനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത് മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷ് ഇന്ന് എ.ഐ.സി.സി അംഗത്വവും കെ.പി.സി.സി അംഗത്വവും രാജിവെച്ചിരുന്നു. രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറി. അതേസമയം ലതികാ സുഭാഷ് എ.ഐ.സി.സി അംഗത്വം രാജി വെച്ചതില്‍ പ്രശ്നമില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.

Read more

ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്നാണ് ലതികാ സുഭാഷ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തിരുവനന്തപുരം ഇന്ദിരാഭവന് മുമ്പിലായിരുന്നു ഇന്നലെ ലതികാ സുഭാഷിന്റെ പ്രതിഷേധം. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് പരിഗണന നൽകിയില്ലെന്ന് ലതികാ സുഭാഷ് ആരോപിച്ചു.