നല്കിയ കണക്കുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മലയാളത്തിലെ സിനിമ നിര്‍മാതാക്കളുടെ വീടുകളില്‍ വീണ്ടും പരിശോധന ആരംഭിച്ച് ആദായ നികുതി വകുപ്പ്. നടന്‍ പൃഥിരാജ്, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, എബ്രഹാം മാത്യു എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന വീണ്ടും ആരംഭിച്ചത്.
സിനിമാ നിര്‍മാണത്തിനായി പണം സമാഹരിച്ചതിലും, ഒടിടി വരുമാനത്തിലുമടക്കം കളളപ്പണ ഇടപാടും നികുതി വെട്ടിപ്പും നടന്നെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് പരിശോധന. പരിശോധന പൂര്‍ത്തിയായി രണ്ടാഴ്ച കഴിഞ്ഞാലേ ക്രമക്കേടുകളുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരൂ. പത്ത് വര്‍ഷത്തെ കണക്ക് കാണിക്കണമെന്ന് ആദായ നികുതി വകുപ്പ്. വര്‍ണ്ണചിത്ര സ്റ്റുഡിയോസ് ഉടമ മഹാ സുബൈറിന്റെയും പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷയുടെയും വീടുകളില്‍ ഇന്ന് റെയ്ഡ് നടക്കുന്നുണ്ട്.
ആറ് ടാക്സി കാറുകളില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെയാണ് പരിശോധനക്കെത്തിയത്. ഗേറ്റ് അടച്ചുപൂട്ടി പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ്. പരിശോധന നടക്കുമ്പോള്‍ ആന്റണി പെരുംമ്പാവൂര്‍ വീട്ടിലുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകരോട് പരിശോധനയെ കുറിച്ച് വിശദീകരിക്കാന്‍ അദേഹം തയ്യാറായില്ല. ഇന്‍കം ടാക്‌സ് റെയിഡ് സംബന്ധിച്ചുള്ള വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.