വയനാട്ടിൽ പ്രിയങ്ക? ചർച്ചകൾ മുറുകുന്നു; പ്രിയങ്ക ഗാന്ധിയുടെ അരങ്ങേറ്റത്തിന് സാധ്യതകളേറുന്നു

പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തയാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. റായ്ബറേലി നിലനിര്‍ത്തി രാഹുല്‍ വയനാട് ഒഴിയുമ്പോള്‍ പ്രിയങ്ക ഗാന്ധിയാകും വയനാട്ടില്‍ എത്തുകയെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. രാഹുല്‍ ഗാന്ധി ഒഴിയുന്ന ഏതെങ്കിലും ഒരു സീറ്റില്‍ പ്രിയങ്ക എത്തിയേക്കുമെന്ന പ്രചാരണങ്ങൾ നേരത്തെ തന്നെയുണ്ടായിരുന്നു. അക്കാര്യത്തിൽ ഇപ്പോള്‍ കൂടുതല്‍ വ്യക്തത വരികയാണ്. വയനാട്ടിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കോൺഗ്രസിൽ ചർച്ചകൾ മുറുകുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു റിപ്പോർട്ട് പുറത്തുവരുന്നത്.

പ്രിയങ്ക തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന പ്രചാരണങ്ങൾ വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് പ്രിയങ്ക മത്സരിക്കുന്നുവെന്ന പ്രചാരണം ശക്തമായത്. സോണിയ ഗാന്ധിയുടെ തട്ടകമായിരുന്ന റായ്ബറേലിയില്‍ നിന്ന് മത്സരിക്കാനാണ് നീക്കം എന്നായിരുന്നു വാര്‍ത്തകള്‍. വാരാണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ മത്സരിച്ചേക്കുമെന്നും സൂചനയുണ്ടായി. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മാത്രം ശ്രദ്ധകേന്ദ്രീകരിച്ച പ്രിയങ്ക, അന്ന് സ്ഥാനാര്‍ഥിത്വത്തില്‍ നിന്നുവിട്ടുനിന്നു.

യുപി കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള പ്രിയങ്കയുടെ പ്രവര്‍ത്തനങ്ങള്‍. പിന്നലെ പശ്ചിമ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് നിയമിക്കുകയും ചെയ്തു. എന്നാല്‍, അപ്പോഴും മത്സര രംഗത്തേക്കില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. ഈ ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രിയങ്ക മത്സരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അമേഠിയിലും റായ്ബറേലിയിലുമായിരുന്നു സാധ്യതകൾ.

2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് താന്‍ റായ്ബറേയില്‍ ഇനി മത്സരത്തിനില്ലെന്ന സോണിയ ഗാന്ധിയുടെ പ്രഖ്യാപനം കൂടി വന്നതോടെ രാജ്യസഭയിലേക്കുള്ള സോണിയയുടെ മാറ്റം മകള്‍ക്ക് വേണ്ടിയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. എന്നാല്‍, രാഹുല്‍ ഗാന്ധിയാണ് റായ്ബറേലിയില്‍ എത്തിയത്. അമേഠിയിൽ കോൺഗ്രസിന്റെ വിശ്വസ്തൻ കിശോരി ലാൽ ശർമയും എത്തി. പ്രിയങ്ക കൂടി മത്സരിക്കുന്നത് ബിജെപിയുടെ കുടുംബാധിപത്യ പാര്‍ട്ടിയെന്ന പ്രചാരണത്തിന് ആക്കം കൂട്ടുമെന്നും ഇത് പ്രതികൂലമായി ബാധിക്കുമെന്നും കോണ്‍ഗ്രസ് ഉന്നത നേതൃത്വം വിലയിരുത്തിയതിന്റെ ഭാഗമായിരുന്നു അത്.

എന്നാല്‍, അണികള്‍ വാരാണസിയിൽ മോദിക്കെതിരെ പ്രിയങ്ക വരണമെന്ന് ആവശ്യപ്പെട്ട് 2019ന് സമാനമായി അവര്‍ വീണ്ടും പോസ്റ്ററുകള്‍ പതിപ്പിച്ചു. എന്നാൽ മത്സര രംഗത്തു നിന്ന് വിട്ടു നില്ക്കുകയായിരുന്നു പ്രിയങ്ക. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ”പ്രിയങ്കയാണ് വാരാണസിയില്‍ നിന്ന് മത്സരിച്ചിരുന്നതെങ്കില്‍ നരേന്ദ്ര മോദി ഉറപ്പായും രണ്ടോ, മൂന്നോ ലക്ഷം വോട്ടിന് തോല്‍ക്കുമായിരുന്നു”, എന്ന് രാഹുൽ ഗാന്ധി പ്രസംഗിച്ചതിന് പിന്നിൽ പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തയാറെടുക്കുന്നുവെന്ന സൂചനയാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

ഈ തിരഞ്ഞെടുപ്പിൽ രാഹുലിന് വേണ്ടി റായ്ബറേലിയിലും കിഷോരിലാല്‍ ശര്‍മയ്ക്ക് വേണ്ടി അമേഠിയിലും പ്രചാരണം ഏകോപിപ്പിച്ചത് പ്രിയങ്കയായിരുന്നു. രണ്ടു സീറ്റിലും വലിയ ഭൂരിപക്ഷത്തോടെ കോൺഗ്രസിന് വിജയിക്കാന്‍ സാധിച്ചത് പാര്‍ട്ടിക്കുള്ളില്‍ പ്രിയങ്കയുടെ സ്വീകാര്യത വര്‍ധിപ്പിച്ചു എന്ന വിലയിരുത്തലിലാണ് നേതൃത്വം. യുപിയിൽ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് സമാജ്‌വാദി പാർട്ടിയോട് ചേർന്ന് കോൺഗ്രസ് നടത്തിയ മുന്നേറ്റത്തിന് പിന്നിലും പ്രിയങ്കയുടെ പങ്ക് വളരെ വലുതാണ്. സ്ത്രീകള്‍ക്കിടയില്‍ ഇറങ്ങി പ്രവർത്തിച്ചും നിര്‍ജീവമായി കിടന്ന കമ്മിറ്റികള്‍ പുന:സ്ഥാപിച്ചും ആണ് യുപിയിൽ പ്രിയങ്ക സ്റ്റാറായത്.

രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍, കോണ്‍ഗ്രസിന്റെ ഇത്തവണത്തെ പ്രധാന താര പ്രചാരകയും പ്രിയങ്കയായിരുന്നു. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പ്രിയങ്ക ഗാന്ധി റാലികള്‍ രാഹുലിനൊപ്പവും തനിച്ചും നടത്തുകയുണ്ടായി. ഭാരത് ജോഡോ യാത്രയില്‍ രാഹുലിനൊപ്പം നടന്നും സമരങ്ങളില്‍ പങ്കെടുത്തും ഇതിനോടകം തന്നെ പ്രിയങ്ക ജനങ്ങൾക്കിടയിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. വലിയ ജനക്കൂട്ടത്തിന് മുന്നില്‍ പേടിയില്ലാതെ സാധാരണക്കർക്ക് മനസിലാകുന്ന ഭാഷയിൽ സംസാരിച്ചും എതിരാളികൾക്ക് നേരെ ശക്തമായ വാക്പോരുകൾ നടത്തിയും കുടുബത്തിന്റെ പേരിലല്ലാതെ സ്വന്തം നിലയിൽ പ്രിയങ്ക ഉറച്ചുനിന്നു കഴിഞ്ഞു. അതിനാൽ തന്നെ ഇനി കളത്തിലിറങ്ങാൻ പ്രിയങ്കയ്ക്ക് തടസങ്ങളൊന്നും ഉണ്ടാവില്ല.

വയനാട്ടിലെ ജനങ്ങളോട് നന്ദി പറയാനായി രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം മണ്ഡലത്തിലെത്തിയപ്പോൾ തങ്ങളെ വിട്ടുപോകരുതെന്ന് രാഹുലിനോട് അഭ്യർത്ഥിച്ച് കോൺഗ്രസ് പ്രവർത്തകർ ബാനറുകൾ ഉയർത്തിയിരുന്നു. മണ്ഡലം ഉപേക്ഷിക്കാൻ തീരുമാനിച്ചാൽ സഹോദരി പ്രിയങ്ക ഗാന്ധിയെ വയനാട്ടിലേക്ക് അയക്കണമെന്നാണ് ബാനറുകളിൽ അവർ അഭ്യർത്ഥിച്ചത്.

അതേസമയം വയനാട്ടില്‍ രാഹുൽ ഗാന്ധി സീറ്റ് ഒഴിഞ്ഞാൽ ആറ് മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടക്കും. പ്രിയങ്ക ഗാന്ധി വരുന്നില്ലെങ്കിൽ കെ മുരളീധരനേയോ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനേയോ രംഗത്തിറക്കാനാണ് കെപിസിസി ആലോചിക്കുന്നത്. എന്തായാലും ഉടൻ തന്നെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ