കന്നിയങ്കത്തിന് വയനാട്ടിലെത്തുന്നപ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വമ്പൻ റോഡ് ഷോയോടെയാവും പത്രികാ സമർപ്പണം. റോഡ് ഷോയ്ക്കുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാകും പത്രികാ സമർപ്പണം. അതേസമയം പത്രികാ സമർപ്പണം ആഘോഷമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.
രാവിലെ 11 മണിക്ക് കൽപ്പറ്റ ന്യൂ ബസ് സ്റ്റാൻഡിൽ നിന്ന് റോഡ് ഷോ തുടങ്ങും. സമാപന വേദിയിൽ പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്യും. പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയിൽ പങ്കെടുക്കും. സോണിയക്കും റോബർട്ട് വദ്രയ്ക്കും മക്കൾക്കും ഒപ്പമാണ് പ്രിയങ്ക ഇന്നലെ വൈകിട്ട് വയനാട്ടിലെത്തിയത്.