അഞ്ചുവര്‍ഷത്തിനിടെ കാമുകന്‍ ഉള്‍പ്പെടെ അറുപതിലേറെപ്പേര്‍ പീഡിപ്പിച്ചതായി കായികതാരമായിരുന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. 13ാം വയസ്സുമുതല്‍ ലൈംഗിക പീഡനത്തിനിരയായെന്ന വിദ്യാര്‍ഥിനിയുടെ പരാതിയില്‍ അഞ്ചുപേരെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട പ്രക്കാനം വലിയവട്ടം പുതുവല്‍തുണ്ടിയില്‍ വീട്ടില്‍ സുബിന്‍ (24), സന്ദീപ് ഭവനത്തില്‍ എസ്. സന്ദീപ് (30), കുറ്റിയില്‍ വീട്ടില്‍ വി.കെ.വിനീത് (30), കൊച്ചുപറമ്പില്‍ കെ.അനന്ദു (21), ചെമ്പില്ലാത്തറയില്‍ വീട്ടില്‍ സുധി(ശ്രീനി-24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റാന്നി കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. നാല്‍പതോളം പേര്‍ക്കെതിരെ പൊലീസ് പോക്‌സോ കേസെടുത്തു.പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന വകുപ്പും ചുമത്തും.
2019 മുതലാണ് പീഡനം തുടങ്ങിയത്. വിവാഹ വാഗ്ദാനം നല്‍കിയാണ് കാമുകന്‍ ആദ്യം പീഡിപ്പിച്ചത്. നിരവധി തവണ പീഡിപ്പിച്ചശേഷം സുഹൃത്തുക്കള്‍ക്കും കൈമാറി. കുടുംബശ്രീ പ്രവര്‍ത്തകരോടാണ് പീഡനവിവരം കുട്ടി ആദ്യം പറഞ്ഞത്. അവര്‍ ജില്ല ശിശുക്ഷേമ സമിതിയെ അറിയിച്ചു. സമിതി ഏര്‍പ്പെടുത്തിയ സൈക്കോളജിസ്റ്റിന് മുന്നിലാണ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.
ഇലവുംതിട്ട പൊലീസ് സ്റ്റേഷനില്‍ മാത്രം നാല്‍പതോളം പേര്‍ക്കെതിരെയും പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ ഏതാനും പേര്‍ക്കെതിരെയും കേസെടുത്തു. ഒരു ഇരയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ ഇത്രയേറെ പ്രതികള്‍ വരുന്നത് അപൂര്‍വമാണ്.
ചൂഷണത്തിനിരയായ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ വിദ്യാര്‍ഥിനി തയാറായതോടെയാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന ഫോണ്‍ രേഖകളില്‍ നിന്നാണ് നാല്‍പതോളം പ്രതികളെ തിരിച്ചറിഞ്ഞത്. ഇരയുടെ നഗ്‌നചിത്രങ്ങള്‍ പ്രതികളില്‍ ചിലര്‍ കൈവശപ്പെടുത്തിയാണ് കൂടുതല്‍ പീഡനത്തിന് ഇരയാക്കിയത്. നിലവില്‍ വിദ്യാര്‍ഥിനി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്.