സമസ്ത വേദിയില്‍ നിന്ന് പത്താംക്ലാസുകരിയെ ഇറക്കിവിട്ട സംഭവത്തില്‍ സമസ്തയെ വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. ഇത്തരം സംഭവങ്ങള്‍ ആധുനിക നവോത്ഥാന കേരളത്തില്‍ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കുവാന്‍ പാടില്ലാത്തതാണ്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ അതേ സമുദായങ്ങള്‍ക്കുള്ളില്‍ നിന്നുതന്നെ പ്രതിരോധമുയരണം. എങ്കില്‍ മാത്രമേ ഇത്തരം യാഥാസ്ഥിതിക ശക്തികളെ എല്ലാകാലത്തേക്കും ഇല്ലാതാക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.
പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള ഒരു മദ്രസ കെട്ടിട ഉദ്ഘാടന വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെണ്‍കുട്ടിയെ വേദിയിലേക്ക് വിളിച്ചതില്‍ ഇ കെ സമസ്ത നേതാവ് എം ടി അബ്ദുള്ള മുസ്ലിയാരാണ് പ്രകോപിതനാവുകയും ‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയില്ലേ?, പെണ്‍കുട്ടിയാണെങ്കില്‍ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്’, എന്ന് പരസ്യമായി ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറയുകയും ചെയ്തത്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇത് വഴിവച്ചത്. വിദ്യാര്‍ത്ഥിനിയെ വിലക്കിയ സമസ്ത നേതാവിനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തിട്ടുമുണ്ടെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞു.
സമൂഹത്തിന്റെ പൊതുചിന്ത ഇത്തരം പ്രാകൃത യാഥാസ്ഥിതിക നിലപാടുകള്‍ക്കെതിരാണെന്ന് വ്യക്തമാക്കുന്ന പ്രതികരണങ്ങളാണ് എല്ലാ കോണുകളില്‍ നിന്നും ഉണ്ടായത്.വിഷയത്തെ സാമുദായികവല്‍ക്കരിക്കാനും രാഷ്ട്രീയവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് അത് ആശാസ്യമല്ല. ഒരു മതത്തിനെതിരെ തിരിച്ചുവിടാനുള്ള ചില വര്‍ഗീയ സംഘടനകളുടെ ശ്രമങ്ങളെ തിരിച്ചറിയണം.
എല്ലാ മതങ്ങളിലും ഇത്തരം യാഥാസ്ഥിതിക പിന്തിരിപ്പന്‍ നിലപാടുകളില്‍ സമാന മനസ്‌കതയുള്ള ഒരു വിഭാഗമുണ്ടെന്നത് വസ്തുതയാണ്. ആധുനിക നവോത്ഥാന കേരളത്തില്‍ ഒരുതരത്തിലും വച്ചുപൊറുപ്പിക്കുവാന്‍ പാടില്ലാത്ത ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അതേ സമുദായങ്ങള്‍ക്ക ഉള്ളില്‍ നിന്നു തന്നെ പ്രതിരോധമുയരണം. എങ്കില്‍ മാത്രമേ ഇത്തരം യാഥാസ്ഥിതിക ശക്തികളെ എല്ലാകാലത്തേക്കും ഇല്ലാതാക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും സിപിഐ മുഖപത്രത്തില്‍ പറയുന്നു.