ലോക്സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചില്‍ അധികം ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്കേര്‍പ്പെടുത്തി. ജില്ലയിലുടനീളം യാതൊരു പൊതുയോഗങ്ങള്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു. അതേസമയം സ്ഥാനാര്‍ത്ഥികളുടെ നിശബ്ദ പ്രചാരണത്തിന് തടസ്സമില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് വൈകിട്ട് ആറുമണി മുതല്‍ ഏപ്രില്‍ 27ന് വൈകിട്ട് ആറു വരെയാണ് നിരോധനാജ്ഞ. ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മുന്‍വര്‍ഷങ്ങളില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇക്കുറി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.