സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിയും കാര്യക്ഷമതയും വിലയിരുത്തുന്നതിനുള്ള പുതിയ വ്യവസ്ഥകള്‍ അടുത്ത വര്‍ഷം മുതല്‍ പ്രാബലത്തില്‍ വരും. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് ഇതിനോടകം തന്നെ ജീവനക്കാര്‍ സമര്‍പ്പിച്ച് കഴിഞ്ഞു. അടുത്ത വര്‍ഷം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പുതുക്കിയ കാര്യക്ഷമത മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ളത് ആയിരിക്കണം.
സര്‍ക്കാര്‍ ജീവനക്കാരുടെ സേവനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നടപടികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ജോലിയും കാര്യക്ഷമതയും വിലയിരുത്തി മാത്രമായിരിക്കും ഇനി മുതല്‍ സ്ഥാനക്കയറ്റം ലഭിക്കുക. ഫയലുകള്‍ വൈകിപ്പിക്കുന്നവരുടെ സ്ഥാനക്കയറ്റം തടയും. ജനങ്ങളോട് മോശമായി പെരുമാറിയാലും സ്ഥാനക്കയറ്റത്തെ ബാധിക്കും. ഭരണപരിഷ്‌കാര വകുപ്പിന്റെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതോടെ സര്‍വീസ് റൂളിന്റെ ഭാഗമാക്കി.
സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ജീവനക്കാരുടെ പെരുമാറ്റവും, അച്ചടക്കവും, കാര്യക്ഷമതയും വിലയിരുത്തിയ ശേഷം മാത്രമേ സ്ഥാനക്കയറ്റം ലഭിക്കുകയുള്ളു. ഫയലുകള്‍ അകാരണമായി താമസിപ്പിക്കുക, ജോലി സമയത്ത് സീറ്റിലില്ലാതിരിക്കുക, ജനങ്ങളോട് മോശമായി പെരുമാറുക എന്നിങ്ങനെ എല്ലാം മേലുദ്യോഗസ്ഥര്‍ പരിശോധിക്കും.
നിലവിലെ രീതി വെറും കോളം പൂരിപ്പിക്കലാണെന്നാണ് ചീഫ് സെക്രട്ടറിയുടെ അഭിപ്രായം. ജോലിയുടെ മേന്മയോ അളവോ മാനദണ്ഡമാക്കുന്നില്ല. ഗ്രേഡിങ് സംവിധാനം മാറ്റി ഇനി മുതല്‍ മാര്‍ക്കിടല്‍ ആയിരിക്കും ഏര്‍പ്പെടുത്തുക. പത്തില്‍ അഞ്ച് മാര്‍ക്ക് പോലും ലഭിക്കാത്തവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
ഉദ്യോഗസ്ഥരെ ഗസറ്റഡ്, നോണ്‍ഗസറ്റഡ് എന്നിങ്ങനെ തിരിച്ച് സ്‌കോര്‍ അടിസ്ഥാനമാക്കിയായിരുന്നു ഇതുവരെ സ്ഥാനക്കയറ്റം നിശ്ചയിച്ചിരുന്നത്. ഗസറ്റഡ് ഓഫിസര്‍മാര്‍ക്ക് പതിമൂന്നും നോണ്‍ ഗസറ്റഡ് ഓഫിസര്‍മാര്‍ക്ക് ഒമ്പതുമായിരുന്നു മുമ്പുള്ളസ്‌കോര്‍. ഇനി മുതല്‍ ഇരുവര്‍ക്കും 20 മാര്‍ക്കായി നിശ്ചയിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റത്തിനെതിരെ പരാതികള്‍ രൂക്ഷമായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അടിമുടി മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.