സ്വര്‍ണക്കടത്ത് കേസില്‍ പിണറായി വിജയന് എതിരെ സ്വപ്‌ന സുരേഷ് ആരോപണങ്ങളുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുകയാണ്. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വിവിധ ജില്ലകളില്‍ സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തി. പലയിടത്തും പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.
കോഴിക്കോട് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രതിഷേധക്കോരും തമ്മിലുള്ള സംഘര്‍ഷത്തില്‍ രണ്ട് വനിത പൊലീസുകാര്‍ക്ക് പരുക്കേറ്റു. തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എറണാകുളം, മലപ്പുറം, കൊല്ലം കലക്ട്രേറ്റുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.
കോട്ടയത്ത് യുവമോര്‍ച്ചയുടെ മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ചു. തൃശൂരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി. തിരുവനന്തപുരത്ത് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ബിരിയാണി ചലഞ്ച് നടത്തി പ്രതിഷേധിച്ചു.
അതേസമയം സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ രംഗത്തെത്തി. ഇപ്പോള്‍ നടക്കുന്നത് ആര്‍എസ്എസിന്റെ ഗൂഢാലോചനയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ആരോപിച്ചു.