കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച സംഭവത്തിൽ നാല് എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉൾപ്പെടെ നാലു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്. അന്യായമായി സംഘം ചേരൽ, കലാപ ശ്രമം ഉൾപ്പെടെയുള്ള നാലു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പപ്പാഞ്ഞിയുടെ മാതൃകയിലുള്ള 30 അടി ഉയരത്തിലുള്ള ഗവർണറുടെ കോലമാണ് കത്തിച്ചത്. ഗവർണർക്കെതിരായ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് കോലം കത്തിക്കലെന്നാണ് എസ്എഫ്ഐയുടെ വിശദീകരണം. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ അനുശ്രീ, ജില്ലാ പ്രസിഡന്റ് പിഎസ് സഞ്ജീവ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രൻ ഉൾപ്പെടെ നാലു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം പ്രതിഷേധത്തിനെതിരെ കേസെടുത്തത് സ്വഭാവിക നടപടിയാണെന്നാണ് എസ്എഫ്‌ഐ വിശദീകരണം. എസ്എഫ്‌ഐക്കാർക്ക് മർദിക്കണമെങ്കിൽ തന്നെ മർദിക്കട്ടെയെന്ന് ഗവർണർ കഴിഞ്ഞദിവസം വെല്ലുവിളിച്ചിരുന്നു.