റോബിന്‍ ഗിരീഷിനും അരിക്കൊമ്പനും വേണ്ടി പ്രതിഷേധം; നവകേരള സദസിന് സമീപം പ്ലക്കാര്‍ഡുമായെത്തിയ യുവാവ് കസ്റ്റഡിയില്‍

കോഴിക്കോട് നവകേരള സദസിന് സമീപം റോബിന്‍ ഗിരീഷിനും അരിക്കൊമ്പനും വേണ്ടി പ്രതിഷേധ പ്ലക്കാര്‍ഡുമായെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫറോക്ക് നല്ലൂര്‍ അമ്പലങ്ങാടി മൂലയില്‍ സുരേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ നവകേരള സദസ് നടക്കുന്ന നല്ലൂര്‍ മിനി സ്‌റ്റേഡിയത്തിന് സമീപമായിരുന്നു സുരേഷ് പ്ലക്കാര്‍ഡുമായെത്തിയത്.

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എത്തുന്നതിന് മുന്‍പായിരുന്നു സംഭവം നടന്നത്. ഭരണാധികാരികളും ഉദ്യോഗസ്ഥ മാഫിയയും ഒന്നിച്ച് വേട്ടയാടിക്കൊണ്ടിരിക്കുന്ന റോബിന്‍ ഗിരീഷേട്ടനെയും അരിക്കൊമ്പനെയും ജീവിക്കാന്‍ അനുവദിക്കുക എന്നതായിരുന്നു പ്ലക്കാര്‍ഡിലെ പ്രതിഷേധ വാക്യം.

Read more

അതേ സമയം നവകേരള സദസ് നടക്കുന്ന നിരവധി സ്ഥലങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുക്കത്തും കൊടുവള്ളിയിലും യുഡിഎഫ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടിയുമായി രംഗത്ത് വന്നിരുന്നു. മുക്കത്ത് കരിങ്കൊടി കാണിച്ച യുഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.