ഗോഡ്സെയെ അനുകൂലിച്ച് ഫേസ്ബുക്കിൽ കമന്റ് ഇട്ട എൻഐടി പ്രൊഫസർ ഷൈജ ആണ്ടവനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഷൈജ ആണ്ടവനെതിരെ കുന്നമംഗലം പൊലീസ് കേസെടുത്തു. ഐപിസി 153, കലാപം ഉണ്ടാക്കാന്‍ ഉള്ള ഉദ്ദേശത്തോടെ ഉള്ള പ്രകോപനം
പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. എസ്എഫ്ഐ, കെഎസ്‌യു, എംഎസ്എഫ് എന്നിവർ ഷൈജക്കെതിരെ പരാതി നൽകിയിരുന്നു.
മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഷൈജ ആണ്ടവൻ ഗാന്ധി നിന്ദ നടത്തിയെന്നാണ് പരാതി. ‘ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ട്’ എന്നായിരുന്നു പ്രൊഫസർ ഷൈജ ആണ്ടവന്റെ കമന്റ്. വിവാദമായതിന് പിന്നാലെ ഷൈജ ആണ്ടവന്‍ കമന്റ് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ പ്രതികരണം തന്റേത് തന്നെയാണെന്നും നിലപാടിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നു എന്നുമാണ് ഷൈജ ആണ്ടവന്റെ നിലപാട്.
‘വൈ ഐ കില്‍ ഗാന്ധി’ എന്ന പുസ്തകം വായിച്ചിരുന്നു. അതില്‍ പറഞ്ഞ കാര്യങ്ങള്‍ ചിന്തിപ്പിക്കുന്നതാണ്. ഇന്ത്യയിലെ ജനങ്ങള്‍ അത് അറിയേണ്ടതുണ്ട്. ഗോഡ്‌സെ പറഞ്ഞപ്പോഴാണ് പല യാഥാര്‍ത്ഥ്യവും നമ്മള്‍ അറിഞ്ഞത്. ഗാന്ധിയെ കൊന്നതിന് ഗോഡ്‌സേക്ക് വധശിക്ഷ കിട്ടിയല്ലോ. വയലന്‍സിനെ താന്‍ അംഗീകരിക്കുന്നില്ല. മഹാത്മാഗാന്ധിയുടെ കൊലപാതകത്തെ കുറിച്ച് കമന്റില്‍ താനൊന്നും പറഞ്ഞിട്ടില്ലെന്നും ഷൈജ ആണ്ടവന്‍ കൂട്ടിച്ചേര്‍ത്തു.
‘ഹിന്ദു മഹാസഭ പ്രവർത്തകൻ നാഥുറാം വിനായക് ഗോഡ്‌സെ. ഭാരതത്തിലെ ഒരുപാടെടുപേരുടെ ഹീറോ’ എന്ന കുറിപ്പോടെ ഹിന്ദുത്വ നിലപാട് നിരന്തരം സ്വീകരിക്കുന്ന അഡ്വ. കൃഷ്ണ രാജ് എന്ന പ്രൊഫൈലിൽ നിന്നും പോസ്റ്റ് ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിന് താഴെയാണ് ഷൈജ ആണ്ടവൻ കമന്റിട്ടത്. ഒരു ജനാധിപത്യ രാജ്യത്ത് ആ രാജ്യത്തിന്റെ രാഷ്ട്രപിതാവിന്റെ കൊലയാളിയെ പ്രകീർത്തിച്ചുകൊണ്ട് രാജ്യത്തിന്റെ ഒരു അഭിമാന സ്ഥാപനത്തിൽ പ്രൊഫസറായി ജോലി ചെയ്യുന്ന ഒരാൾക്ക് എങ്ങനെയാണ് ഇത്ര നിസാരമായി ഒരു കമന്റിടാൻ സാധിക്കുന്നതാണ് എന്നതാണ് ചോദ്യം.
രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ആഘോഷം സംഘടിപ്പിച്ചവർക്കെതിരെ പ്രതികരിച്ച ദളിത് വിദ്യാർത്ഥിയെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ച എൻഐടി നടപടി വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രൊഫസർ ഷൈജ ആണ്ടവന്റെ ഗോഡ്‌സെ അനുകൂല നിലപാടും ചർച്ചയാകുന്നത്. കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിലെ പ്രൊഫസറാണ് ഷൈജ ആണ്ടവൻ.