വയനാട് മാനന്തവാടിയില്‍ നരഭോജി കടുവയുടെ ആക്രമണത്തില്‍ രാധ എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. കടുവയെ പിടികൂടാനാകത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുമായി പ്രദേശത്ത് തര്‍ക്കം രൂക്ഷമായിട്ടുണ്ട്. രാധയുടെ മൃതദേഹം രാവിലെ സംസ്‌കരിച്ചു.
അതേസമയം വന്യമൃഗങ്ങളുടെ ആക്രമണം പെരുകുമ്പോള്‍ വനംവകുപ്പ് പ്രദേശ വാസികള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശമോ മുന്നറിയിപ്പോ നല്‍കുന്നില്ലെന്ന് നാട്ടുകാര്‍ അറിയിച്ചു. കടുവയെ കൊല്ലാനാകില്ലെങ്കില്‍ തങ്ങളെ വെടിവെച്ചോളൂ എന്നും നാട്ടുകാര്‍ പറയുന്നു. വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ സ്ഥലം സന്ദര്‍ശിക്കാത്തതിലും നാട്ടുകാര്‍ പ്രതിഷേധം വ്യക്തമാക്കി.
Read more
കടുവയെ വെടിവെച്ച് കൊല്ലണമെന്ന ആവശ്യത്തിലുറച്ചാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. കടുവ കൂട്ടില്‍ കയറിയാല്‍ വെടിവെയ്ക്കാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോള്‍ തങ്ങള്‍ ചെയ്യാമെന്ന് നാട്ടുകാര്‍ പറഞ്ഞു. കടുവയെ പിടികൂടി കൊല്ലുന്നതുവരെ തങ്ങള്‍ പിന്‍മാറില്ലെന്നും നാട്ടുകാര്‍ അറിയിച്ചു.