ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള രംഗത്ത്. ചെങ്ങന്നൂരില്‍ തനിക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നുവെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ചെങ്ങന്നൂരില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് കൈയും കാലും കൂട്ടിക്കെട്ടിയെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

തന്റെ ഭാഗ്യം കൊണ്ട് ചെങ്ങന്നൂരില്‍ വോട്ട് ശതമാനം വര്‍ധിച്ചുവെന്നും ഗോവ ഗവര്‍ണര്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ശ്രീധരന്‍പിള്ള ഉന്നയിച്ചത്. തോല്‍വിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സംസ്ഥാന നേതൃത്വം മറുപടി നല്‍കുമെന്നും പിള്ള വ്യക്തമാക്കി.

അതേസമയം പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പരാജയത്തെക്കുറിച്ച് പ്രതികരിക്കാതെ മുതിര്‍ന്ന ബിജെപി നേതാവ് വി മുരളീധരന്‍. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ ചുമതലയാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചതെന്നും പാലക്കാട്ടെ കാര്യങ്ങള്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കുന്നതാകും നല്ലതെന്നും മുരളീധരന്‍ പറഞ്ഞു.