നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടാനൊരുങ്ങുന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പി.ടി തോമസ് എം.എൽ.എ. നിയമസഭ കയ്യാങ്കളി നടന്ന മാര്‍ച്ച് 13, 2015 കേരളനിയമസഭ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. ഇപ്പോള്‍ ആന കരിമ്പിന്‍കാട്ടില്‍ കയറിയ പോലെ എന്നല്ല പറയുക. ശിവന്‍കുട്ടി നിയമസഭയില്‍ കയറിയ പോലെ എന്നാണ് പുതുമൊഴിയെന്നും പിടി തോമസ് സഭയില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടപ്പോള്‍ ഞങ്ങള്‍ക്കെതിരെയാണോ കേസ് എന്ന് പോലും തോന്നി. സംഭവം സഭയ്ക്ക് ആകെ നാണക്കേട് ഉണ്ടാക്കി. കെ.എം.മാണിയുടെ ബജറ്റ് തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം എല്ലാം വഴിയും നോക്കി. സ്പീക്കറുടെ അനുമതി പ്രകാരം സി.എം ബാലക്യഷ്ണന്റെ സീറ്റിലേക്ക് എത്തി ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചു. സുപ്രീം കോടതി വിധിയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക കെ.എം മാണിയാണ്.
അന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ അഴിഞ്ഞാടുകയാണ് ചെയ്തത്. സി.പി.എം നേത്യത്വം നല്‍കിയ ആക്രമണത്തില്‍ നിയമസഭയ്ക്ക് രണ്ടു ലക്ഷം രൂപ നഷ്ടമുണ്ടായി. ആശാന് അക്ഷരം ഒന്നു പിഴച്ചാല്‍ അമ്പതൊന്ന് പിഴയ്ക്കും ശിക്ഷന്മാര്‍ക്ക് എന്ന് ശിവന്‍കുട്ടിയെ കുറിച്ച് പണ്ടാരോ എഴുതിയ പോലെ തോന്നിപോകുന്നു.
കുട്ടികളുടെ വിക്ടേഴ്‌സ് ചാനലില്‍ നിയമസഭാ കയ്യാങ്കളി പ്രദര്‍ശിപ്പിച്ചാല്‍ കുട്ടികള്‍ക്ക് അവരുടെ വിദ്യാഭ്യാസ മന്ത്രിയെ ശരിക്ക് കാണാം. കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ കീഴ്‌ക്കോടതിയെക്കാള്‍ രൂക്ഷവിമര്‍ശനം സര്‍ക്കാരിന് കേള്‍ക്കേണ്ടിവന്നു. കേസിലെ അഞ്ചാം പ്രതി നിലവില്‍ വിദ്യഭ്യാസ മന്ത്രിയാണ്. പൊതുമുതല്‍ നശിപ്പിക്കാന്‍ നേത്യത്വം നല്‍കിയ മന്ത്രി എങ്ങനെയാണ് കുട്ടികള്‍ക്ക് മാത്യകയാവുക. മന്ത്രിയെ പുറത്താക്കാനുള്ള ആര്‍ജവം കാണിക്കണമെന്നും സ്പീക്കറോട് അദ്ദേഹം ആവശ്യപ്പെട്ടു.