തന്റെ ഉടമസ്ഥതയിലുള്ള ബാലുശേരി കിനാലൂരിലെ ഉഷാ സ്‌കൂളില്‍ ചിലര്‍ അതിക്രമിച്ച് കയറിയെന്ന ആരോപണവുമായി പിടി ഉഷ എംപി. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ മതിയായ സുരക്ഷ സര്‍ക്കാര്‍ ഏര്‍പ്പാടുചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള നിരവധി അക്രമങ്ങള്‍ നേരത്തെയും സ്‌കൂളിന് നേരെ ഉണ്ടായിട്ടുണ്ട്. നിരവധി പ്രാവശ്യം പരാതികള്‍ ഉയര്‍ന്നു. എന്നിട്ടും നടപടി ഉണ്ടായില്ല.
പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളാണ്. വൈകീട്ടായാല്‍ ഈ പ്രദേശം മയക്കുമരുന്ന് ലോബികള്‍ കയ്യേറും. പ്രദേശത്ത് ഏതെങ്കിലും വീട്ടില്‍ കല്യാണം നടന്നാല്‍ ആ മാലിന്യം മുഴുവന്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ തള്ളുമെന്നും ഉഷ ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. എംപിയായതിന് ശേഷം അതിക്രമം കൂടുതലാണ്. നേരത്തെ ആ റോഡിനടുത്ത് ഒരു ചുവന്ന കൊടി നാട്ടിയിരുന്നു. അന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടാണ് അത് മാറ്റിയത്.
ഇപ്പോള്‍ ആരാണെന്ന് അറിയില്ല. വല്ലാതെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. 25 കുട്ടികളില്‍ 11 പേര്‍ നോര്‍ത്ത് ഇന്ത്യക്കാരാണ്. 12ാം തീയതി സെലക്ഷന്‍ വരാന്‍ പോകുകയുമാണ്. ഇങ്ങനെയുള്ള അവസരങ്ങളില്‍ ആളുകള്‍ അതിക്രമിച്ച് കയറാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ പഞ്ചായത്ത് അധികൃതര്‍ സ്‌കൂള്‍ ഭൂമിയില്‍ അനധികൃത നിര്‍മാണം നടത്തുകയാണെന്ന് പിടി ഉഷ ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.