പൊതു ഇടങ്ങള്‍ 2025 മാര്‍ച്ച് മാസത്തോടെ പൂര്‍ണമായും മാലിന്യമുക്തമാക്കും; മാലിന്യപരിപാലനത്തിന് കുട്ടികളെ കണ്ണിചേര്‍ക്കുമെന്ന് മന്ത്രി

കേരളത്തിന്റെ പൊതു ഇടങ്ങള്‍ 2025 മാര്‍ച്ച് മാസത്തോടെ പൂര്‍ണമായും മാലിന്യമുക്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി എംബി രാജേഷ്. 40 ലക്ഷം സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ശാസ്ത്രീയ മാലിന്യ നിര്‍മാര്‍ജനത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്ന പ്രത്യേക പരിപാടി ആരംഭിക്കും.

മാലിന്യപരിപാലനത്തിന് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനവുമായി കുട്ടികളെ കണ്ണിചേര്‍ക്കും. പൊതുഉന്നത വിദ്യാഭ്യാസ വകുപ്പ് തദ്ദേശ വകുപ്പുമായി ചേര്‍ന്ന് ഇതിനായി പ്രവര്‍ത്തിക്കും. മാലിന്യമുക്ത നവകേരളം സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളെ കേരള ജനത ഏറ്റെടുത്തു.

മാലിന്യ നിര്‍മാര്‍ജന പരിപാലനത്തില്‍ തനതായ ഇടപെടലാണിത്. ദേശീയ അന്തര്‍ദേശീയ മാതൃക ഉള്‍ക്കൊണ്ടും വികേന്ദ്രീകൃത മാലിന്യ പരിപാലനം ശക്തിപ്പെടുത്തിയുമാണ് ഇത് മുന്നോട്ടുപോകുന്നത്. മാലിന്യം നിര്‍മാര്‍ജനം സ്വന്തം ഉത്തരവാദിത്വം എന്ന ചിന്തയിലേക്ക് എല്ലാവരെയും എത്തിക്കുമെന്നും അദേഹം പറഞ്ഞു.