വിചാരണയിലെ കാലതാമസം പിടിവള്ളിയാക്കിയാണ് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി സുപ്രീംകോടതിയിൽ നിന്ന് ജാമ്യത്തിലിങ്ങിയത്. ഏഴരവർഷത്തിന് ശേഷം ഇക്കഴിഞ്ഞ 20 ന് 2 ലക്ഷം രൂപയുടെ ആൾജാമ്യത്തിലാണ് എറണാകുളം സബ് ജയിലിൽ നിന്നും പൾസർ സുനി പുറത്തിറങ്ങിയത്. ജാമ്യത്തിലിറങ്ങിയ പൾസർ സുനിയുടെ സഞ്ചാരം ആഡംബര വാഹനങ്ങളിലാണെന്ന കണ്ടെത്തലിൽ അന്വേഷണം തുടങ്ങിയിരിക്കുകയാണ് സ്പെഷൽ ബ്രാഞ്ച്.
ഇടത്തരം സാമ്പത്തിക പശ്ചാത്തലമുള്ള പൾസർ സുനിയുടെ സാമ്പത്തിക ഉറവിടത്തെപ്പറ്റിയാണ് സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പൾസർ സുനി വിചാരണയ്ക്കായി അടക്കം കോടതിയിലെത്തുന്നത് കാൽകോടി രൂപയോളം വിലവരുന്ന വാഹനങ്ങളിലാണ്. കിയ കാർണിവൽ, ഥാർ തുടങ്ങിയ വാഹനങ്ങളിലാണ് പൾസർ സുനിയുടെ സഞ്ചാരമത്രയും.
കിയ കാർണിവൽ എന്ന 30 ലക്ഷം വിലവരുന്ന ആഢംബര കാറിലായിരുന്നു സെപ്റ്റംബർ 26 ന് എറണാകുളം ജില്ല മജിസ്ട്രേറ്റ് കോടതിയിൽ രണ്ടാം ഘട്ട വിചാരണയ്ക്കായി പൾസർ സുനിയെത്തിയത്. തൊട്ടടുത്ത ദിവസം ഥാർ ജീപ്പിലെത്തി. 16 മുതൽ 20 ലക്ഷം രൂപ വിലയുളള ഈ വാഹനം (KL 66D 4000) കുട്ടനാട് ആർടിഒ രജിസ്ട്രേഷനിൽ കുഞ്ഞുമോളെന്ന വ്യക്തിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇടത്തരം സാമ്പത്തിക പശ്ചാത്തലത്തിലുള്ള പൾസർ സുനിക്ക് എവിടെ നിന്നാണ് ഈ ആഢംബര വാഹനങ്ങൾ ലഭിക്കുന്നതെന്നതും സ്പെഷൽ ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
അതേസമയം ഒരൊറ്റ സിം മാത്രം ഉപയോഗിക്കണമെന്ന കോടതി വ്യവസ്ഥ പൾസർ സുനി പാലിക്കുന്നുണ്ടോ എന്നതിലും പൊലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്. അടുത്ത ബന്ധുവിന്റെ പേരിലുള്ള സിമ്മിൽ നിന്ന് സുനിൽ പലരെയും ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം. പെരുമ്പാവൂരിലെ കോടനാടുള്ള സുനിയുടെ വീട്ടിൽ പൊലീസ് നിരീക്ഷണമുണ്ട്.