ഡ്യൂട്ടി സമയത്ത് ഇനി മുങ്ങാന്‍ കഴിയില്ല ; സെക്രട്ടേറിയറ്റില്‍ ജനുവരി മുതല്‍ പുതിയ സംവിധാനം, തെറ്റിക്കുന്നവര്‍ക്ക് ശമ്പളമില്ല

സെക്രട്ടേറിയറ്റില്‍ ജനുവരി ഒന്നു മുതല്‍ പഞ്ചിങ് നര്‍ബന്ധമാക്കി ഉത്തരവ്. ബയോമെട്രിക് പഞ്ചിങ് ഉപയോഗിച്ച് ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്ക് മാത്രമെ ഇനി ശമ്പളമുണ്ടാകുവെന്ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. ഇതിനായി ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി ഹാജര്‍ ബന്ധിപ്പിക്കും.നേരത്തെ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ആധാര്‍ അധിഷ്ഠിത പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ പോകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

15 മുമ്പ് എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്നും, എല്ലാ ജീവനക്കാരും കാര്‍ഡ് പുറമെ കാണുവിധം ധരിക്കണമെന്നും പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അറിയിച്ചു. തുടര്‍ച്ചയായി വൈകിയെത്തുന്നത് അവധിയായി കണക്കാക്കാനും ഔദ്യോഗിക കാര്യങ്ങള്‍ക്കു മറ്റു ഓഫീസുകളില്‍ പോകുന്നവര്‍ക്ക് അവിടെ ഹാജര്‍ രേഖപ്പെടുത്താനും കഴിയുന്ന സംവിധാനമാണ് നടപ്പിലാക്കാന്‍ പോകുന്നത്.

കെല്‍ട്രോണില്‍ നിന്നാണ് വിരലടയാളം രേഖപ്പെടുത്തുന്ന പുതിയ ബയോമെട്രിക് പഞ്ചിങ് മെഷിനുകള്‍ വാങ്ങുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇലട്രോണിക് പഞ്ചിങ് മെഷിനുകള്‍ ഉണ്ടെങ്കിലും ഹാജര്‍ രേഖപ്പെടുത്താന്‍ മാത്രമാണ് ഇത് ഉപോഗിക്കുന്നത്. ശമ്പളവുമായി ബന്ധിപ്പിക്കാത്തതിനാല്‍ വൈകിയെത്തുന്നതോ, നേരത്തെ പോകുന്നതോ ജീവനക്കാരെ ബാധിക്കാറുണ്ടായിരുന്നില്ല.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എന്‍ഐസി നടപ്പാക്കിയ പഞ്ചിങ് സോഫ്റ്റ്‌വെയര്‍ തന്നെയാണ് സംസ്ഥാനത്തും ഉപയോഗിക്കുക. സെക്രട്ടേറിയറ്റ് കൂടാതെ കേരളത്തിലെ എല്ലാ ട്രഷറികളിലും പഞ്ചിങ് നടപ്പാക്കാന്‍ ട്രഷറി വകുപ്പും തീരുമാനിച്ചിട്ടുണ്ട്.