ശബരിമല പ്രശ്നത്തിൽ യുവതീപ്രവേശനത്തെ അനുകൂലിച്ച എൽഡിഎഫ് സർക്കാർ അതിലുറച്ച് നിൽക്കുന്നുവെന്ന് പറയാൻ ആർജ്ജവം കാണിക്കണമെന്ന് നവോത്ഥാനസമിതി കൺവീനർ പുന്നല ശ്രീകുമാർ. യുവതീപ്രവേശനത്തെ അനുകൂലിച്ച സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ആർജ്ജവത്തോടെ സംസ്ഥാന സർക്കാർ വ്യക്തമാക്കണം. കോടതി വിധി വന്നശേഷം ചർച്ചയാകാമെന്ന നിലപാട് പ്രീണിപ്പിക്കൽ നയമാണെന്നും അതിലൂടെ നവോത്ഥാനസമിതിയുടെ പ്രസക്തി നഷ്ടപ്പെട്ടെന്നും പുന്നല ശ്രീകുമാർ വ്യക്തമാക്കി.
യുഡിഎഫ് പുറത്തുവിട്ട കരട് നിയമം അന്ധവിശ്വാസത്തെ സംരക്ഷിക്കുന്നതാണ്. അത്തരത്തിൽ അന്ധവിശ്വാസത്തെ സംരക്ഷിക്കുന്നതിന് നിയമം തയ്യാറാക്കുന്ന യുഡിഎഫ് പരിഷ്കൃത സമൂഹത്തെ നയിക്കാൻ യോഗ്യരാണോയെന്ന് കേരളം ചർച്ച ചെയ്യുമെന്നും പുന്നല ശ്രീകുമാർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ശബരിമലയിൽ ആചാരസംരക്ഷണത്തിനായി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച നിയമത്തിന്‍റെ കരട് യുഡിഎഫ് പുറത്ത് വിട്ടിരുന്നു. യുവതീ പ്രവേശനം വിലക്കുന്ന കരടിൽ ആചാരലംഘനത്തിന് രണ്ട് വർഷം വരെ തടവും നിർദ്ദേശിക്കുന്നു. നിയമനിർമ്മാണത്തിന് സാധുതയില്ലെന്ന് സർക്കാർ വിശദീകരിക്കുമ്പോഴാണ് പ്രശ്നം കൂടുതൽ സജീവമാക്കി നിർത്താനുള്ള യുഡിഎഫ് നീക്കം.
ശബരിമലയിൽ ഒരു മുഴം മുമ്പെ എറിഞ്ഞാണ് യുഡിഎഫിൻ്റെ നിർണ്ണായക നീക്കം. അധികാരത്തിലെത്തിയാൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച നിയമത്തിൻ്റെ കരട് പുറത്തുവിട്ടാണ് വിശ്വാസികളെ ഒപ്പം നിർത്താനുള്ള ശ്രമം. യുവതീ പ്രവേശനം നിയമപരമായി തന്നെ വിലക്കുന്ന കരടിൽ തന്ത്രിക്ക് നൽകുന്നത് പരമാധികാരം. ആചാരപരമായ കാര്യങ്ങളിൽ തന്ത്രിയുടേതാകും അന്തിമവാക്ക്. അയ്യപ്പഭക്തരെ പ്രത്യേക ഉപ മതമാക്കിയും പ്രഖ്യാപിക്കുന്നു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിലൊന്നായ തുല്യത ഉറപ്പാക്കിയുള്ള 2018 സെപ്റ്റംബർ 28ൻ്റെ യുവതീ പ്രവേശനവിധിയെ നിയമം കൊണ്ട് വന്ന് സംസ്ഥാനങ്ങൾക്ക് മറികടക്കാനാകില്ലെന്ന വാദമാകും സർക്കാർ ആവർത്തിക്കുക.