പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. വിജയപ്രതീക്ഷയോടെ മുന്നണികൾ കാത്തിരിക്കുകയാണ്. നിലവിലെ എക്സിറ്റ് പോൾ ഫലങ്ങൾ ചാണ്ടി ഉമ്മന് വിജയം പ്രവചിക്കുന്ന സാഹചര്യത്തിൽ യുഡിഎഫ് ക്യാമ്പിൽ ആവേശം ഉയരുകയാണ്.
ഉമ്മൻചാണ്ടിയുടെ സ്ഥിരം മണ്ഡലമായ പുതുപ്പള്ളി കൈവിടില്ലെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പും സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും. നാൽപതിനായിരം വരെ ഭൂരിപക്ഷം കണക്കുകൂട്ടി യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.
ഭൂരിപക്ഷം കുറഞ്ഞാലും ജെയ്ക് സി തോമസ് വിജയിക്കുമെന്നാണ് എൽഡിഎഫ് ക്യാമ്പിന്റെ കണക്കുകൂട്ടൽ. മണ്ഡലത്തിലെ ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടുകൾ ചോർന്നിട്ടില്ല എന്നാണ് സിപിഎം വിലയിരുത്തൽ. ഇതിനൊപ്പം വികസന വിഷയങ്ങളിൽ ഊന്നി നടത്തിയ പ്രചാരണവും ജയിക്കിന് അനുകൂലമായി മാറുമെന്ന് കണക്കുകൂട്ടലിലാണ് നേതൃത്വം.
അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും നില മെച്ചപ്പെടുത്തുമെന്ന ആത്മവിശ്വാസമാണ് എൻഡിഎയ്ക്കുള്ളത്. ചര്‍ച്ചയായത് വികസനമെന്നായിരുന്നു എൻഡിഎ സ്ഥാനാര്‍ഥി ലിജിൻ ലാലിന്റെ പ്രതികരണം. ലിജിന് പുതുപ്പള്ളിയിൽ വോട്ട് ഉണ്ടായിരുന്നില്ല. ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ സ്‌കൂൾ ബൂത്തിലും ജെയ്ക്ക് സി തോമസ് മണർകാട് എൽപി സ്‌കൂൾ ബൂത്തിലുമാണ് വോട്ട് ചെയ്തത്.
90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണ് വിധിയെഴുതിയത്. ബൂത്തുകളിൽ നിന്നും സമാഹരിച്ച വോട്ട് കണക്കുകൾ ഇരുമുന്നണി നേതൃത്വങ്ങളും വിശദമായി വിലയിരുത്തിയിട്ടുണ്ട്.72. 86 ശതമാനം പോളിംഗോടെയാണ് പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് പൂർത്തിയായത്.