സ്‌ട്രോങ്ങ് റൂം താക്കോലുകള്‍ മാറി; വോട്ടെണ്ണല്‍ വൈകി

പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ വൈകി. വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂം താക്കോലുകള്‍ മാറിയതിനാലാണ് വോട്ടെണ്ണല്‍ വൈകുന്നത്. എട്ട് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന വോട്ടെണ്ണല്‍ 8.10ന് ശേഷമാണ് ആരംഭിച്ചത്.

വോട്ടെണ്ണിത്തുടങ്ങി രണ്ട് മണിക്കൂറിനകം ഫലമറിയാനാകുന്ന വിധത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോള്‍ തന്നെ ട്രെന്‍ഡ് വ്യക്തമാകും.

ആകെ 20 മേശകളാണ് കൗണ്ടിംഗിനായി തയ്യാറാക്കിയിരിക്കുന്നത്. 14 മേശകളില്‍ വോട്ടിംഗ് യന്ത്രങ്ങളും 5 മേശകളില്‍ അസന്നിഹിത വോട്ടുകളും ഒരു ടേബിളില്‍ സര്‍വീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തീരും.

അയര്‍ക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ തന്നെ കൃത്യമായ ഫലസൂചന കിട്ടും.