പി.വി. അന്‍വറിന്‍റെ തൊഴില്‍ നിയമലംഘനങ്ങള്‍ അന്വേഷിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍

പി.വി. അന്‍വര്‍ എംഎല്‍എയുടെ തൊഴില്‍ നിയമലംഘനങ്ങള്‍ അന്വേഷിക്കുമെന്ന് തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍. അന്‍വറിനെതിരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും നിയമലംഘനങ്ങളെ കുറിച്ചുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു നടപടിയെന്നും മന്ത്രി വ്യക്തമാക്കി. എംഎല്‍എയുടെ അധീനതയിലുള്ള കക്കാടംപൊയില്‍ പാര്‍ക്കിലെ തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ, പിഎഫ് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുവെന്നാണ് ആരോപണം.

പാര്‍ക്കില്‍ നൂറോളം തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്നുണ്ടെന്ന് എംഎല്‍എ നേരത്തെ നിയമസഭയെ ബോധിപ്പിച്ചിരുന്നുവെങ്കിലും പാര്‍ക്ക് തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലായിരുന്നു. പ്രവര്‍ത്തനം തുടങ്ങി 2 വര്‍ഷം കഴിഞ്ഞിട്ടാണ് പാര്‍ക്കിന് തൊഴില്‍ വകുപ്പില്‍ നിന്ന് രജിസ്ട്രേഷന്‍ എടുത്തതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇസ്ഐ കോര്‍പ്പറേഷനും പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനുമാണ് എംഎല്‍എയുടെ നിയമലംഘനങ്ങള്‍ അന്വേഷിക്കുന്നത്. തൊഴിലുടമകള്‍ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്ന് ടി പി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Read more

അതേസമയം അന്‍വറിന്റെ അനധികൃത തടയണ നിര്‍മാണത്തില്‍ കലക്ടറുടെ റിപ്പോര്‍ട്ട് കണ്ടതിനുശേഷമാവും നടപടിയെടുക്കുകയെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.മലപ്പുറം ചീങ്കണ്ണിപ്പാലയില്‍ അന്‍വര്‍ അനധികൃതമായി നിര്‍മിച്ച തടയണ പൊളിക്കാന്‍ ആര്‍ഡിഒ കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു. ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് തടയണ നിര്‍മിച്ചതെന്ന് പെരിന്തല്‍മണ്ണ ആര്‍ഡിഒ മലപ്പുറം കലക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്തു. തടയണയുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ഉള്‍പ്പെടുത്തി കലക്ടര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറും.