'ആരാണ് അവിടെ ക്യാമ്പ് ചെയ്യുന്നത്, മരുമകനല്ലേ'; നിശബ്ദ പ്രചാരണ ദിനത്തില്‍ പൊലീസ് വിലക്ക് മറികടന്ന് അന്‍വറിന്റെ വാര്‍ത്ത സമ്മേളനം; ചട്ട ലംഘനത്തിന് നോട്ടീസുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

നാളെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ പൊലീസ് വിലക്ക് ലംഘിച്ച് പി വി അന്‍വര്‍ എംഎല്‍എയുടെ വാര്‍ത്താ സമ്മേളനവും നാടകീയ രംഗങ്ങളും. താന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞാണ് നിശബ്ദ പ്രചാരണ ദിനത്തില്‍ പി വി അന്‍വര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വാര്‍ത്താസമ്മേളനം നടത്തിയെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്ത സമ്മേളന വേദിയില്‍ തന്നെ ഇടപെടുകയും അന്‍വറിന് നോട്ടീസ് നല്‍കുകയും ചെയ്തതോടെ നാടകീയ രംഗങ്ങളാണ് ചേലക്കരയില്‍ അരങ്ങേറിയത്. സംഭവത്തില്‍ അന്‍വറിനെതിരേ നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്തിനാണ് പിണറായി ഭയക്കുന്നതെന്നാണ് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളോട് പറയാനുള്ള കാര്യങ്ങളുണ്ടെന്നും ഇന്ന് പ്രചരണം നടത്തരുതെന്ന് ചട്ടം പറയുന്നില്ലെന്നും അന്‍വര്‍ പറയുന്നുണ്ട്. മുഖ്യമന്ത്രി പിണറായിക്കു വേണ്ടിയാണ് പൊലീസ് തന്റെ വാര്‍ത്താ സമ്മേളനം മുടക്കുന്നതെന്നാണ് അന്‍വറിന്റെ ആക്ഷേപം.

ചെറുതുരുത്തിയില്‍ നിന്ന് കിട്ടിയ പണം ആരുടേതാണ്? ആര്‍ക്കായിരുന്നു അവിടെ ചുമതല? ആരാണ് അവിടെ ക്യാമ്പ് ചെയ്യുന്നത്? മരുമോനായിരുന്നില്ലേ ചുമതല? അവിടെ നിന്നല്ലേ പണം മുഴുവന്‍ ഒഴുകുന്നത്. കോളനികളില്‍ ഇടതുമുന്നണി പണം വിതരണം ചെയ്യുന്നു. തിരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി നല്‍കുന്നു. കവറില്‍ പണം കൂടി വെച്ചാണ് കോളനികളില്‍ സ്ലിപ് നല്‍കുന്നത്.

മദ്യവും പണവും ഒഴുക്കി വോട്ട് പിടിക്കുകയാണ് എല്‍ഡിഎഫെന്നാണ് അന്‍വര്‍ ആരോപിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് 40 ലക്ഷം രൂപയാണ് ചെലവഴിക്കാവുന്ന പരമാവധി തുക എന്നാല്‍ മൂന്ന് മുന്നണികളും കൂടി 36 കോടി രൂപയാണ് ചേലക്കരയില്‍ ചെലവഴിച്ചത്. ഈ മണ്ഡലത്തില്‍ ആരും ജയിക്കില്ല. തങ്ങള്‍ കോടതിയില്‍ പോകുമെന്നും ബൂത്ത് തിരിച്ച് ഓരോ പാര്‍ട്ടിയും ചെലവാക്കിയ തുകയുടെ കണക്ക് തന്റെ കൈയ്യിലുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.