അന്നം മുടക്കിയ ചാണ്ടിയേക്കാൾ ഒരുപാട്‌ ഉയരത്തിലാണ് പച്ചരി വിജയൻ: പി.വി അൻവർ

മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന്റെ ദൈവമായി വിശേഷിപ്പിച്ച് ക്ഷേത്ര കവാടത്തിന് മുന്നിൽ ഫ്ലക്സ് ബോർഡ് വച്ചതിനെ വിമർശിച്ച്‌ കോൺഗ്രസ് നേതാവ് വി.​ടി ബല്‍റാം രംഗത്തെത്തിയിരുന്നു. ഫ്ലക്സ് ബോർഡിന്റെ ചിത്രം പോസ്റ്റ് ചെയ്ത് പച്ചരി വിജയനെന്ന് പരിഹസിച്ചുകൊണ്ടായിരുന്നു വി.​ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതിനു മറുപടി നൽകിയിരിക്കുകയാണ് പി.വി അന്‍വര്‍ എം.എല്‍.എ. ക്ഷേമപെൻഷനുകൾ നൽകാതെ മാസങ്ങളോളം പതിനായിരങ്ങളുടെ അന്നം മുടക്കിയ ഉമ്മൻ ചാണ്ടിയേക്കാൾ മലയാളികളുടെ മനസ്സിൽ ഒരുപാട്‌ ഉയരത്തിൽ തന്നെയാണെടാ നീയൊക്കെ പറയുന്ന ഈ പച്ചരി വിജയൻ എന്ന് പി.വി അന്‍വര്‍ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

മലപ്പുറം വളാഞ്ചേരിക്കടുത്ത് പച്ചീരിയിലാണ് മുഖ്യമന്ത്രി ദൈവമായി വിശേഷിപ്പിച്ച് ബോർഡ് സ്ഥാപിച്ചത്. പച്ചീരി വിഷ്ണു ക്ഷേത്രത്തിനു മുന്നിലെ ടെലിഫോൺ പോസ്റ്റിലായിരുന്നു ബോര്‍ഡ് വച്ചത്. “ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു. കേരളത്തിന്‍റെ ദൈവം” എന്നു പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രത്തോടെയുള്ള ഫ്ലക്സ് ബോര്‍ഡ്.

അതേസമയം, വിമര്‍ശനങ്ങള്‍ ഉയർന്നതോടെ ബോര്‍ഡ് ക്ഷേത്രത്തിന് മുന്നില്‍ നിന്ന് മാറ്റി സ്ഥാപിച്ചു. തങ്ങള്‍ അറിയാതെയാണ് ഫ്ലക്‌സ് സ്ഥാപിച്ചതെന്നും ക്ഷേത്രകവാടത്തില്‍ ഫ്ലക്‌സ് സ്ഥാപിച്ചത് മോശമായെന്നും ക്ഷേത്രം ഭാരവാഹികള്‍ പ്രതികരിച്ചു. ഇതിനിടെ ബോര്‍ഡ് സ്ഥാപിച്ചതില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം പ്രാദേശിക നേതൃത്വം അവകാശപ്പെട്ടു. എന്നാൽ ബോര്‍ഡ് വച്ചതും പിന്നീട് മാറ്റി സ്ഥാപിച്ചതും പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ക്ഷേത്രം കമ്മറ്റി ഭാരവാഹികൾ ആരോപിക്കുന്നത്.

പി വി അൻവറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ക്ഷേമപെൻഷനുകൾ നൽകാതെ മാസങ്ങളോളം പതിനായിരങ്ങളുടെ
അന്നം മുടക്കിയ ചാണ്ടിയേക്കാൾ മലയാളികളുടെ മനസ്സിൽ
ഒരുപാട്‌ ഉയരത്തിൽ തന്നെയാണെടാ നീയൊക്കെ പറയുന്ന ഈ
പച്ചരി വിജയൻ..💪
തൃത്താലയിലെ ജനങ്ങളുടെ മനസ്സിലും
ഈ പച്ചരി വിജയൻ ഉണ്ടായിരുന്നെന്ന്
ഇന്നും മനസ്സിലായിട്ടില്ലല്ലേ..🤗