നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഇടതുപക്ഷം വിട്ട് പുറത്ത് പോകാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്. പിവി അന്‍വര്‍ എംഎല്‍എ സ്വീകരിച്ചിരിക്കുന്ന നിലപാടും ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളും വിചിത്രവും അവിശ്വസനീയമാണ്.
മുന്‍പ് മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുള്ള പരാതികളിലൂടെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പിവി അന്‍വറിന്റെ എല്ലാ അരോപണങ്ങളും തുറന്ന മനസോടെ സര്‍ക്കാര്‍ ഗൗരവതരമായ അന്വേഷണത്തിന് വിധേയമാക്കുകയാണ്.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ പോലും കാത്ത് നില്‍ക്കാതെ ആദ്ദേഹം രാഷ്ട്രീയ എതിരാളികള്‍ പറയുന്നതിനേക്കാള്‍ കടുത്ത ആരോപണങ്ങളും ആക്ഷേപങ്ങളുമാണ് പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കുമെല്ലാം എതിരായി ചൊരിഞ്ഞിട്ടുള്ളത്. ഇത് അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയെത്തന്നെ സംശയത്തിലാക്കുന്നതാണെന്നും എം സ്വരാജ് പറഞ്ഞു.
അന്വേഷണവും നടപടികളുമല്ല അദ്ദേഹത്തിനാവശ്യം. അദ്ദേഹം ഇടതുപക്ഷം വിട്ട് പുറത്ത് പോകാന്‍ തീരുമാനിച്ചിരിക്കുന്നു. അതിന് കാരണങ്ങളുണ്ടാക്കുകയാണ്. താന്‍ ഇടതുപക്ഷത്തോടൊപ്പമില്ല എന്നുപറയുന്നതിന് അദ്ദേഹം ചില കാരണങ്ങള്‍ കണ്ടെത്തുകയാണ് ചെയ്യുന്നത്. അദ്ദേഹം ഈ ഗവണ്‍മെന്റിനെ ആക്ഷേപിക്കുന്നു. സാധാരണക്കാരായ ജനങ്ങളുടെ പ്രതീക്ഷയാണ് ഈ ഗവണ്‍മെന്റ്. ഈ ഗവണ്‍മെന്റിന്റെ വിലയറിയണമെങ്കില്‍ മുന്‍ യുഡിഎഫ് ഗവണ്‍മെന്റിനെക്കുറിച്ച് ആലോചിച്ചാല്‍ മതി.
ഇന്നത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പോലും ഉമ്മന്‍ചാണ്ടിയുടെ ഗവണ്‍മെന്റിനെക്കുറിച്ച് അവസാനകാലത്ത് പറഞ്ഞത് ഇത് വെറും കൊള്ളയല്ല, തീവെട്ടിക്കൊള്ളയാണെന്നാണ്. സ്വന്തം പാര്‍ടി നയിക്കുന്ന ഗവണ്‍മെന്റിനെക്കുറിച്ച് തീവെട്ടിക്കൊള്ളക്കാരുടെ ഗവണ്‍മെന്റ് എന്ന് പറയേണ്ടി വന്ന കോണ്‍ഗ്രസ് നേതാവാണ് ഇന്നത്തെ പ്രതിപക്ഷ നേതാവ്. അത്തരമൊരു കാലം. അഴിമതിയില്‍, സ്വജനപക്ഷപാതത്തില്‍, കടുകാര്യസ്ഥതയില്‍ ആറാടിയിരുന്ന ഒരു കാലം. അതില്‍ നിന്ന് മാറിയ ഒരു അന്തരീക്ഷമാണ് ഇന്ന കേരളത്തിലുള്ളതെന്നും എം സ്വരാജ് വ്യക്തമാക്കി.