താന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കും, പാര്‍ട്ടിയെ വെല്ലുവിളിച്ചിട്ടില്ല; ഭരണതലത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയതാണെന്ന് പിവി അന്‍വര്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയ്ക്കുമെതിരെ ആരോപണങ്ങളുന്നയിച്ചതിന് സിപിഎം തന്നെ വേട്ടയാടുമെന്ന് സൂചിപ്പിച്ച് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. താന്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് അന്‍വര്‍ വ്യക്തമാക്കി. പാര്‍ട്ടിയെ വെല്ലുവിളിച്ചിട്ടില്ലെന്നും ഭരണതലത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുകയായിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു.

താന്‍ ഫോണ്‍ ഒന്ന് ഓഫ് ചെയ്താല്‍ നിലമ്പൂരിലെ എല്‍ഡിഎഫ് പഞ്ചായത്തുകള്‍ വരെ താഴെ പോകുമെന്നും അന്‍വര്‍ പറഞ്ഞു. തനിക്കെതിരെ ഇനിയും കേസുകള്‍ വരും. അറസ്റ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ട്. താന്‍ വിളിച്ചാല്‍ ആയിരക്കണക്കിന് സഖാക്കള്‍ വരുമെന്ന് ഉറപ്പാണ്. എന്നാല്‍ അങ്ങനെ വിളിക്കാന്‍ സമയമായിട്ടില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Read more

കൂടുതല്‍ പൊതുയോഗങ്ങളുമായി താന്‍ മുന്നോട്ട് പോകുമെന്നും അന്‍വര്‍ അറിയിച്ചു. നാളെ കോഴിക്കോട് മുതലക്കുളത്ത് യോഗം നടത്തും. അലനല്ലൂരിലെ യോഗത്തിനിടെയുണ്ടായ സംഘര്‍ഷം തെറ്റിദ്ധാരണ മൂലമാണെന്നും പ്രശ്‌നം ഉണ്ടാക്കിയത് സിപിഎം പ്രവര്‍ത്തകര്‍ അല്ലെന്നും അന്‍വര്‍ വ്യക്തമാക്കി.