സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍ എംഎല്‍എ. കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനെ വേദിയിലിരുത്തിയായിരുന്നു കൃഷി വകുപ്പിനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും അന്‍വറിന്റെ വിമര്‍ശനം. കൃഷിമന്ത്രി തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും കൃഷി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തെന്ന് അന്‍വര്‍ പറഞ്ഞു.
വനംവകുപ്പ് കൃഷിഭൂമി കയ്യേറുകയാണ്. ടെറസില്‍ കൃഷി ചെയ്താല്‍ കുരങ്ങന്മാര്‍ നശിപ്പിക്കുന്നു. വന്യമൃഗ സംരക്ഷണം മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്. വനനിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പോരാടണമെന്നും നിലമ്പൂര്‍ എംഎല്‍എ ആവശ്യപ്പെട്ടു. നിറപൊലി 2025 കാര്‍ഷിക പ്രദര്‍ശനമേള ഉദ്ഘാടനത്തിനിടെ ആയിരുന്നു അന്‍വറിന്റെ വിമര്‍ശനം.
അതേസമയം ദുരന്തനിവാരണ വകുപ്പ് ഏലം കര്‍ഷകരുടെ കണ്ണീര്‍ കാണുന്നില്ലെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കഴിഞ്ഞ വേനലിലെ ഉഷ്ണതരംഗത്തില്‍ കരിഞ്ഞ് ഉണങ്ങിയ ഏലത്തിന്റെ നഷ്ടപരിഹാരം ഇനിയും നല്‍കിയിട്ടില്ല.കാരണം തിരക്കുമ്പോള്‍ ഒഴിഞ്ഞുമാറുകയാണ് ഉദ്യോഗസ്ഥരെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.