'പിണറായിയെ വിമർശിച്ചതിലുള്ള വേട്ടയാടൽ'; ആലുവയിലെ ഭൂമി പണം നൽകി വാങ്ങിയതെന്ന് പിവി അൻവർ

ആലുവയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചതിലുള്ള വേട്ടയാടലാണെന്ന് പിവി അൻവർ. വിജിലൻസ് അന്വേഷണം നടക്കട്ടെ. ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണ്. പണം നൽകി വാങ്ങിയ സ്ഥലമാണ്. അവിടെയുള്ള കെട്ടിടം ആര് വിചാരിച്ചാലും പൊളിച്ച് നീക്കാൻ കഴിയില്ല. ഇതെല്ലാം പ്രതീക്ഷിച്ചാണ് ഇറങ്ങിയതെന്നും അൻവർ പറഞ്ഞു.

ആലുവ എടത്തലയിൽ 99 വർഷത്തെ പാട്ടത്തിന് നൽകിയ പതിനൊന്ന് ഏക്കർ‍ ഭൂമി പിവി അൻവർ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്നാണ് അൻവറിനെതിനെയുള്ള ആരോപണം. അവിടെ പിവി ആർ നോളജ് സിറ്റിയെന്ന പേരിൽ വൻ കെട്ടിട സമുച്ചയവും പണിതുയർത്തി. പാട്ടഭൂമി സ്വന്തം പേരിലാക്കി പോക്കുവരവ് നടത്തിയ അൻവർ ഈ സ്ഥലം ഈടുവെച്ച് 14 കോടി രൂപ ലോണെടുത്തെന്നുമാണ് ആരോപണം.

ഇക്കാര്യത്തിൽ കൊല്ലം സ്വദേശിയായ വ്യവസായ മുരുകേഷ് നരേന്ദ്രൻ നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമികാന്വേഷണം നടത്തിയത്. എംഎൽഎയായിരുന്ന കാലഘട്ടത്തിൽ നടത്തിയ പ്രാഥമികാന്വേഷണത്തിൽ വിഴിവിട്ട ഇടപാടുകൾ തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബർ 24നാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയത്. അൻവറിനു പുറമെ പാട്ടഭൂമി കൈവശപ്പെടുത്താൻ കൂട്ടുനിന്ന റവന്യൂ ഉദ്യോഗസ്ഥരെക്കൂടി കേന്ദ്രീകരിച്ചാണ് വിജിലൻസ് അന്വേഷണം.