തിരുവനന്തപുരം സ്മാര്‍ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിക്കുന്ന റോഡുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമായി പുരോഗമിക്കുകയാണ്. നഗരത്തിലേക്ക് ജനസാഗരം ഇരമ്പിയെത്തുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുന്നോടിയായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പ്. സ്മാര്‍ട് സിറ്റി പദ്ധതിയില്‍ പൊതുമരാമത്തിന്റെ കെആര്‍എഫ്ബിക്ക് കീഴില്‍ 40 റോഡുകളാണ് ഒരുമിച്ച് പ്രവൃത്തി പുരോഗമിക്കുന്നത്. ഇതില്‍ 27 റോഡുകള്‍ ഗതാഗത യോഗ്യമായി. പകലും രാത്രിയുമായി അതിവേഗത്തിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.
നേരത്തെ നിര്‍മ്മാണത്തില്‍ അനാസ്ഥ കാണിച്ചതിനെ തുടര്‍ന്ന് ആദ്യത്തെ കരാറുകാരനെ പിരിച്ചുവിടുകയും പിഴയീടാക്കുകയും ചെയ്തിരുന്നു പൊതുമരാമത്ത് വകുപ്പ്. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കൃത്യമായ ഇടപെടലിലാണ് നടപടിയുണ്ടായത്. തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രിയുടെ നിരീക്ഷണത്തിലാണ് നടന്നത്. ഓരോ വര്‍ക്കുനും പ്രത്യേകം ടെണ്ടര്‍ വിളിച്ച് കരാര്‍ നല്‍കുകയായിരുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ നിര്‍മ്മാണത്തില്‍ ഗുരുതര വീഴ്ച വരുത്തിയ കരാര്‍ കമ്പനിക്കെതിരെ കടുത്ത നടപടിയെടുത്തിരുന്നു പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം നഗരത്തിലെ 63 റോഡുകള്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം നവീകരിക്കുവാന്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെആര്‍എഫ്ബി) ഏറ്റെടുത്തിരുന്നു. കെആര്‍എഫ്ബി സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം നവീകരിക്കാനുള്ള റോഡുകളുടെ നിര്‍മ്മാണത്തിന് ടെന്‍ഡര്‍ നല്‍കിയ ബോംബെ ആസ്ഥാനമായ ജോയിന്‍ വെഞ്ചര്‍ കമ്പനികളാണ് നിര്‍മ്മാണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയത്. കമ്പനിക്കെതിരെ കടുത്ത നടപടികളാണ് പൊതുമരമത്ത് വകുപ്പ് സ്വീകരിച്ചത്. നിര്‍മ്മാണ യോഗ്യമല്ലാത്ത രീതിയില്‍ റോഡുകള്‍ നശിപ്പിച്ചുവെന്ന് കാണിച്ചു കൊണ്ട് കരാര്‍ കമ്പനിയെ ടെര്‍മിനേറ്റ് ചെയ്യുകയും 15 കോടയിലധികം തുക പിഴയായി പിടിച്ചെടുക്കുകയും ചെയ്തു.
കെആര്‍എഫ്ബി 2020ല്‍ ടെന്‍ഡര്‍ ചെയ്ത റോഡ് നിര്‍മ്മാണ കരാര്‍ 2021ലാണ് ബോംബെ ആസ്ഥാനമായ ജോയിന്‍ വെഞ്ചര്‍ കമ്പനികള്‍ ഏറ്റെടുത്തത്. നിര്‍മ്മാണം ആരംഭിച്ച 12 റോഡുകളില്‍ ഡക്റ്റ്‌സ് നിര്‍മ്മിക്കുന്നതിനായി റോഡ് വെട്ടികുഴിച്ച് ഗതാഗത യോഗ്യമല്ലാതാക്കി മാറ്റിയെന്ന് കണ്ടെത്തിയതോടെ കരാര്‍ കമ്പനിക്കെതിരെ നടപടിയെടുക്കുകയായിരുന്നു പൊതുമരാമത്ത് വകുപ്പ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്ചവരുത്തിയ കരാര്‍ കമ്പനിയെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടാണ് ടെര്‍മിനേറ്റ് ചെയ്തത്.
പൊതുഖജനാവിന് നഷ്ടമുണ്ടാക്കിയ കരാര്‍ കമ്പനിയില്‍ നിന്ന് 15 കോടിയില്‍ അധികം രൂപ പിഴയായി പിടിച്ചെടുക്കുകയും ചെയ്തു. കരാര്‍ കമ്പനിയെ ടെര്‍മിനേറ്റ് ചെയ്തതിന് പിന്നാലെ സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരമുള്ള റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പ്രത്യേകം ടെന്‍ഡര്‍ ചെയ്യുകയും ചെയ്തു. ഇലക്ട്രിക്, സിവില്‍ വര്‍ക്കുകള്‍ക്കായി പ്രത്യേകം പ്രത്യേകം ടെന്‍ഡര്‍ ചെയ്താണ് കാലാനുസൃതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമം പൊതുമരാമത്ത് വകുപ്പ് നടത്തിയത്.
നിലവില്‍ കെആര്‍എഫ്ബി ഏറ്റെടുത്ത് നിര്‍മ്മാണം നടത്തുന്ന 40 റോഡുകളില്‍ 27 റോഡുകളും ഗതാഗതയോഗ്യമാക്കി മാറ്റിയിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ബാക്കിയുള്ള 13 റോഡുകളും മാര്‍ച്ച് 31ന് ഉള്ളില്‍ തന്നെ ഗതാഗതയോഗ്യമാക്കി മാറ്റുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
കരാര്‍ കമ്പനിയില്‍ നിന്നുണ്ടായ വീഴ്ച കണ്ടെത്തുകയും കൃത്യമായ ഇടപെടലിലൂടെ പിഴയീടാക്കുകയും ചെയ്ത പൊതുമരാമത്ത് മന്ത്രി പിന്നീട് റോഡ് നിര്‍മ്മാണം നേരിട്ടെത്തി നിരീക്ഷിക്കുകയും ചെയ്തു. 12 ഓളം റോഡുകളുടെ നിര്‍മ്മാണത്തിന്റേയും അറ്റുകുറ്റ പണികളുടേയും പുരോഗതി മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് സൈറ്റിലെത്തി പരിശോധിച്ച് ഉറപ്പാക്കിയതോടെ പദ്ധതി വേഗത്തിലായി. പകലെന്നോ രാത്രിയെന്നോ നോക്കാതെ റോഡ് നിര്‍മ്മാണ പുരഗോതി മന്ത്രി മുഹമ്മദ് റിയാസ് പരിശോധിക്കുവാന്‍ സൈറ്റില്‍ എത്തിയത് കെആര്‍എഫ്ബി പ്രോജക്ട് വേഗത്തില്‍ ആക്കുവാന്‍ സഹായിച്ചു. രണ്ടാഴ്ചയില്‍ ഒരിക്കല്‍ മന്ത്രി തലത്തില്‍ അവലോകനം യോഗങ്ങള്‍ ചേരുകയും എല്ലാദിവസവും പ്രവര്‍ത്തിയുടെ പുരോഗതി മിനിസ്റ്റര്‍ ഓഫീസില്‍ വിലയിരുത്തുകയും ചെയ്തു.
ഫെബ്രുവരി 25ന് ആറ്റുകാല്‍ പൊങ്കാല നടക്കാനിരിക്കെ തിരുവനന്തപുരം നഗരത്തിലേക്ക് വന്‍ ജനാവലി എത്തുമെന്നതിനാല്‍ റോഡ് നിര്‍മ്മാണം വേഗത്തിലാക്കാന്‍ പൊതുമരാമത്ത് വകുപ്പ് സാധ്യമായ എല്ലാ സന്നാഹങ്ങളും ഒരുക്കിയിരുന്നു. ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്ക് യാതൊരു വിധ അസൗകര്യങ്ങളും ഉണ്ടാകാതിരിക്കാന്‍ പൊങ്കാലയ്ക്ക് മുമ്പ് തന്നെ നഗരത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകള്‍ ഗതാഗതയോഗ്യമാക്കി മാറ്റുന്നതിന് വേണ്ടിയുള്ള ഇടപെടല്‍ മന്ത്രി മുഹമ്മദ് റിയാസ് നടത്തിയിരുന്നു.