കണ്ണൂർ സർവ്വകലാശാലയിൽ ചോദ്യപേപ്പർ ചോർച്ച; അധ്യാപകർ വാട്ട്സാപ്പ് വഴി ചോർത്തിയെന്ന് പരാതി

കണ്ണൂർ സർവ്വകലാശാലയിൽ അധ്യാപകർ വാട്ട്സാപ്പ് വഴി ചോദ്യപേപ്പർ ചോർത്തി എന്ന് പരാതി. സർവ്വകലാശാലയ്ക്ക് കീഴിലുള്ള കാസർകോട് ബേക്കലിലെ ഗ്രീൻവുഡ് ആർട്സ് ആന്‍റ് സയൻസ് കോളേജിൽ നിന്നുമാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് കണ്ടെത്തൽ. ചോദ്യപേപ്പർ ചോർന്നത് ചൂണ്ടിക്കാട്ടി കണ്ണൂർ സർവ്വകലാശാല ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിനും പരാതി നൽകിയിട്ടുണ്ട്.

 ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോർത്തിയത്. മാർച്ച്‌ 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ നടന്നത്. സർവകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോദ്യപേപ്പർ ചോർത്തിയതായി കണ്ടെത്തിയത്. ഇതിനെ തുടർന്ന് കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ച അന്വേഷിക്കാൻ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ സിൻഡിക്കേറ്റ് സമിതിയെ നിയോഗിച്ചു.