'മുഖ്യമന്ത്രി ഭീരു, പൊലീസ് അടിമകളെ പോലെ പ്രവര്‍ത്തിക്കുന്നു'; ശബരിനാഥന് എതിരെയുള്ള കേസ് വ്യാജമെന്ന് ഷാഫി പറമ്പില്‍

വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ എസ് ശബരിനാഥന്റെ അറസ്റ്റില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. സംസ്ഥാനത്തെ പൊലീസും പൊലീസ് സംവിധാനങ്ങളും അടിമകളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീരുവാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ശബരിനാഥന് എതിരയുള്ള കേസ് വ്യാജമാണ്. മുഖ്യമന്ത്രിക്ക് കരിങ്കൊടിയെ പോലും പേടിയാണ്. കേസിലെ സാക്ഷിയാക്കി വിളിച്ചുവരുത്തിയ ശബരിനാഥനെ ചോദ്യം ചെയ്യാതെ അറസ്റ്റ് ചെയ്യുകയായിരുന്നു. 10.50ന് അറസ്റ്റ് ചെയ്‌തെന്നാണ് പൊലീസ് പറഞ്ഞത്. ആ സമയത്ത് അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നെങ്കില്‍ പ്രോസിക്യൂട്ടര്‍ 11 മണിക്ക് അറിയിക്കേണ്ടതാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ഇല്ലാത്ത അറസ്റ്റിന്റെ പേരില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. വ്യാജ രേഖകള്‍ ഉണ്ടാക്കി കെട്ടിച്ചമച്ച കേസാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അറസ്റ്റിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയാണ്.

Read more

ശബരിനാഥന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കവെയാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ സമയവും രേഖകളും ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.