"എനിക്ക് ജീവഹാനി സംഭവിച്ചാൽ അതിന് പരിപൂർണ ഉത്തരവാദികൾ..."

പത്ത് വർഷം പിന്നിട്ടിട്ടും ഗവേഷണം പൂർത്തിയാക്കാൻ എം.ജി സർവകലാശാല അവസരം നൽകാത്തതിനെതിരെ നിരാഹാര സമരം തുടരുന്ന സർവകലാശാലയിലെ ദളിത് ഗവേഷക ദീപ പി. മോഹനന്റെ തുറന്ന കത്ത്. മഹാത്മ ഗാന്ധി സർവകലാശാല കവാടത്തിന് മുമ്പിൽ നടത്തി വരുന്ന നിരാഹാര സമരം തന്റെ ആരോഗ്യസ്ഥിതിയെ വളരെയധികം അപകടത്തിലാക്കി കൊണ്ടിരിക്കുന്നു എന്ന് ദീപ കത്തിൽ പറയുന്നു. ഏത് നിമിഷവും മരണം പോലും സംഭവിക്കാം. അനീമിയയ്ക്ക് ദിവസവും മെഡിസിൻ കഴിക്കുന്ന വ്യക്തിയാണ് താൻ. കൂടാതെ small congenital VSD യും ഉണ്ട്. ആയതിനാൽ ഈ നിരാഹാര സമരം നിമിത്തം തനിക്ക് ജീവഹാനി സംഭവിച്ചാൽ അതിന് പരിപൂർണ ഉത്തരവാദികൾ വൈസ് ചാൻസിലർ സാബു തോമസ്, IIUCNN ഡയറക്ടർ ഡോ. നന്ദകുമാർ കളരിക്കൽ, റിസർച്ച് ഗൈഡ് ഡോ. രാധാകൃഷ്ണൻ ഇ കെ യും ഈ ഭരണകൂടവും മാത്രമായിരിക്കും എന്ന് ദീപ കത്തിൽ പറയുന്നു.

ഹൈക്കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും സർവകലാശാല പിഎച്ച്ഡി പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്നതിൽ പ്രതിഷേധിച്ചു കൊണ്ടാണ് ദീപ പി. മോഹനന്‍ ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ സര്‍വകലാശാല പടിക്കല്‍ നിരാഹാരസമരം ആരംഭിച്ചത്.

2011ലാണ് ദീപാ പി മോഹനന്‍ എം ജി സർവകലാശാലയിലെ നാനോ സയൻസിൽ എംഫിലിന് പ്രവേശം നേടിയത്. തുടർന്ന് 2014ൽ ഗവേഷണവും തുടങ്ങി. എന്നാൽ ദളിത് വിദ്യാർത്ഥിനിയായ ദീപയ്ക്ക് ഗവേഷണം പൂർത്തിയാക്കാനുള്ള യാതൊരു അവസരവും ലഭിച്ചില്ല. എംഫില്‍ പ്രോജക്ട് വേണ്ടവിധം വിലയിരുത്തി നല്‍കാതെയും ഫെലോഷിപ്പ് തടഞ്ഞുവെച്ചും എക്സ്റ്റേര്‍ണല്‍ എക്സാമിനറുടെ മുന്നില്‍വെച്ച് അവഹേളിച്ചും ലാബില്‍ പൂട്ടിയിട്ടും നിലവിലെ സിന്‍ഡിക്കേറ്റ് അംഗം നന്ദകുമാര്‍ പെരുമാറിയതായി ദീപ ആരോപിക്കുന്നു.

ജാതീയമായ വിവേചനം കാട്ടിയെന്ന് ആരോപിച്ച് ദീപ നല്‍കിയ പരാതിയിൽ സിന്‍ഡിക്കേറ്റ് അന്വേഷണം നടത്തുകയും ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഹൈക്കോടതിയും വിഷയത്തിൽ ഇടപ്പെട്ടു. ദീപയ്ക്ക് ഗവേഷണം പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ സൗകര്യവും നല്‍കണമെന്നായിരുന്നു എസ്.സി, എസ്.ടി കമ്മീഷന്റെ ഉത്തരവ്. എന്നാല്‍, ചാൻസിലർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പലതവണ പരാതി നല്‍കിയിട്ടും ഉത്തരവ് നടപ്പാക്കാന്‍ തയ്യാറായില്ലെന്ന് ദീപ പറയുന്നു. ചാൻസിലറെ നേരിട്ട് കാണാൻ ശ്രമിച്ചതിന് ഗാന്ധി നഗർ പൊലീസ് ദീപയെ കരുതൽതടങ്കലിൽ വെയ്ക്കുകയും ചെയ്തിട്ടുണ്ട്. സര്‍വകലാശാലയില്‍ നിന്ന് അനുകൂല നടപടി ഉണ്ടാകുന്നതു വരെ നിരാഹാര സമരം തുടരാനാണ് തീരുമാനം.

ദീപ പി മോഹനന്റെ തുറന്ന കത്ത്:

പ്രിയപ്പെട്ടവരോട്,

ഞാൻ ദീപ പി മോഹനൻ, ഈ സമര പന്തലിൽ ഇരുന്ന് വളരെ വേദനയോടെ ഇത് എഴുതുന്നത്. ചില കാര്യങ്ങൾ നിങ്ങളോട് തുറന്ന് പറയാനാണ്. ജാതി വിവേചനം നിമിത്തം വിദ്യാഭ്യാസ അവകാശം കഴിഞ്ഞ 10 വർഷമായി നിഷേധിക്കപ്പെട്ട് അതി കഠിനമായ സാഹചര്യത്തിലൂടെയാണ് ഞാൻ ഇന്ന് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. മഹാത്മ ഗാന്ധി സർവ്വകലാശാല കവാടത്തിന് മുൻപിൽ നടത്തി വരുന്ന നിരാഹാര സമരം എന്റെ ആരോഗ്യസ്ഥിതിയെ വളരെയധികം അപകടത്തിലാക്കിക്കൊണ്ടിരിക്കുന്നു. ഏത് നിമിഷവും എനിക്ക് മരണം പോലും സംഭവിക്കാം. അനീമിയയ്ക്ക് ദിവസവും മെഡിസിൻ കഴിക്കുന്ന ആളാണ് ഞാൻ. കൂടാതെ small congenital VSD യും ഉണ്ട്. ആയതിനാൽ ഈ നിരാഹാര സമരം നിമിത്തം എനിക്ക് ജീവഹാനി സംഭവിച്ചാൽ അതിന് പരിപൂർണ്ണ ഉത്തരവാദികൾ വൈസ് ചാൻസിലർ സാബു തോമസ്, IIUCNN ഡയറക്ടർ ഡോ. നന്ദകുമാർ കളരിക്കൽ, റിസർച്ച് ഗൈഡ് ഡോ. രാധാകൃഷ്ണൻ ഇ കെ യും ഈ ഭരണകൂടവും മാത്രമായിരിക്കും.

ഈ സാഹചര്യത്തിൽ കൂടി കടന്നുപോകുമ്പോൾ എനിക്ക് മനസിലാവുന്നുണ്ട് എന്തിനാണ് എന്റെ പ്രിയ സഹോദരനായ രോഹിത് വെമുല ജീവൻ വെടിഞ്ഞതെന്ന്. പക്ഷേ നീതി ലഭിയ്ക്കാതെ സമരത്തിൽ നിന്നും പിന്മാറാൻ എനിയ്ക്കാവില്ല. എന്റെ ജനതയ്ക്ക് വേണ്ടി എനിക്ക് പൊരുതിയേ മതിയാകൂ. തോറ്റ് പോയ ഒരുപാട് പേർക്ക് വേണ്ടി എനിക്കിവിടെ ജയിക്കണം. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് ജീവിതം സമരം തന്നെയാണ്.