"വീണ്ടും തോല്‍ക്കാന്‍ മനസ്സില്ല": ഗവര്‍ണറുടെ ഡ്രൈവര്‍ തേജസിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവര്‍ തേജസിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ജീവിതത്തില്‍ തോല്‍വികൾ ഏറ്റുവാങ്ങിയ ഒരാള്‍ ആണ് താനെന്നും വീണ്ടും തോല്‍ക്കാന്‍ തനിക്ക് മനസ്സില്ലെന്നും കുറിപ്പിൽ പറയുന്നും. മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്.

“എന്റെ മരണമൊഴി. എല്ലാവരും എന്നോട് ക്ഷമിക്കണം. ഞാന്‍ മരിക്കുകയാണ്. ജീവിതത്തില്‍ തോല്‍വികൾ ഏറ്റുവാങ്ങിയ ഒരാള്‍ ആണ് ഞാന്‍. വീണ്ടും തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല. ആരോടും എനിക്ക് ദേഷ്യമില്ല. എന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ല.” എന്നാണ് ആത്മഹത്യാ കുറിപ്പിന്റെ ഉള്ളടക്കം.

ചേർത്തല സ്വദേശി തേജസ്(48) ആണ് മരിച്ചത്. രാജ്ഭവനിലെ ക്വാർട്ടേഴ്സിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ രാവിലെ കണ്ടെത്തിയത്. ടൂറിസം വകുപ്പിൽ നിന്നാണ് നേരത്തെ ഗവര്‍ണര്‍ക്ക് ഡ്രൈവറെ അനുവദിച്ചിരുന്നത്. കുറച്ചുനാളായി ഗവര്‍ണറുടെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു തേജസ്. കഴിഞ്ഞ ദിവസം വിമാനത്താവളം വരെ യാത്ര കഴിഞ്ഞ് 8.55ന് മടങ്ങിയെത്തിയതിന് ശേഷം ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.