എം.ജി കോഴ വിവാദത്തില്‍ കര്‍ശന നടപടി, അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി ആര്‍. ബിന്ദു

പരീക്ഷയില്‍ തോറ്റുവെന്ന് തെറ്റിദ്ധരിപ്പിച്ച്, ജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥിയില്‍നിന്ന് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു ആവശ്യപ്പെട്ടു. അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും നടപടിക്കും രജിസ്ട്രാറോട് ആവശ്യപ്പെടാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് മന്ത്രിയുടെ നിര്‍ദ്ദേശം. സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സേവനസൗകര്യങ്ങള്‍ക്ക് പണം ആവശ്യപ്പെടുന്നതു പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

എം.ബി.എ മാര്‍ക്ക് ലിസ്റ്റ് വേഗത്തില്‍ നല്‍കാന്‍ 1,55,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട എം.ജി സര്‍വകലാശാല കാമ്പസ് എം.ബി.എ വിഭാഗത്തില്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റായ കോട്ടയം ആര്‍പ്പൂക്കര കാരോട്ട് കൊങ്ങവനം സി.ജെ. എല്‍സിയെയാണ് (48) ശനിയാഴ്ച കോട്ടയം വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട സ്വദേശിനിയായ വിദ്യാര്‍ഥിനിയില്‍നിന്ന് 15,000 രൂപ വാങ്ങുന്നതിനിടെ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പരീക്ഷ ഭവന്റെ മുന്നില്‍നിന്ന് വിജിലന്‍സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും വേഗത്തില്‍ നല്‍കാന്‍ എം.ബി.എ പാസായ വിദ്യാര്‍ത്ഥിനിയോട് 50,000 രൂപയാണ് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. അത്രയും തുക നല്‍കാന്‍ നിര്‍വാഹമില്ലെന്ന് വിദ്യാര്‍ത്ഥിനി അറിയിച്ചപ്പോള്‍ 30,000 രൂപയാക്കി. ഇതില്‍ 15,000 രൂപ ശനിയാഴ്ചയും ബാക്കി ഒരാഴ്ചക്കുശേഷവും നല്‍കണമെന്നും എല്‍സി ആവശ്യപ്പെട്ടു.