വാർത്താസമ്മേളനത്തിനിടെ മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് മുഈൻ അലി തങ്ങൾക്കെതിരെ അസഭ്യം പറഞ്ഞതിൽ ഖേദമുണ്ടെന്ന് ലീഗ് പ്രവർത്തകനായ റാഫി പുതിയകടവിൽ. എന്നാൽ വാക്കുകളേ കൈവിട്ട് പോയുള്ളൂവെന്നും, പറഞ്ഞ കാര്യത്തിൽ ഒരു മാറ്റവുമില്ലെന്നും റാഫി പുതിയകടവിൽ പറയുന്നു. കുഞ്ഞാലിക്കുട്ടിക്ക് എതിരെയല്ല, ഏത് നേതാവിനെ കുറിച്ച് പറഞ്ഞാലും എതിർക്കുമായിരുന്നുവെന്നും റാഫി പറഞ്ഞു. മുഈൻ അലി തങ്ങൾക്കെതിരെ നടപടി വേണമെന്നതാണ് ലീഗ് പ്രവർത്തകരുടെ ആവശ്യമെന്നും റാഫി വ്യക്തമാക്കുന്നു.
തനിക്ക് പിന്തുണയുമായി ആയിരക്കണക്കിന് ലീഗ് പ്രവർത്തകർ ഗൾഫിൽ നിന്നൊക്കെ അടക്കം വിളിച്ചിരുന്നെന്നാണ് റാഫി പുതിയകടവിൽ പറയുന്നത്. കുഞ്ഞാലിക്കുട്ടിയെ പറഞ്ഞാൽ അത് തങ്ങളെ പറയുന്നത് പോലെ തന്നെയല്ലേ എന്നും റാഫി പറയുന്നു. താൻ കുഞ്ഞാലിക്കുട്ടിയുടെ ആളായല്ല വാർത്താസമ്മേളനത്തിൽ എതിർപ്പുയർത്തിയത്. ലക്ഷക്കണക്കിന് പേർ ആരാധിക്കുന്ന വലിയ നേതാവാണ് പാണക്കാട് തങ്ങൾ. ആ തങ്ങളെ കുറിച്ച് പറഞ്ഞാൽ തനിക്ക് സഹിക്കില്ല. കുഞ്ഞാലിക്കുട്ടിയെ കുറിച്ച് പറഞ്ഞാൽ അത് തങ്ങളെ കുറിച്ച് പറയുന്നത് പോലെത്തന്നെയാണ്. അതിനാലാണ് പ്രതികരിച്ച് പോയതെന്നും, ഖേദമുണ്ടെന്നും, പക്ഷേ പറഞ്ഞ കാര്യങ്ങളിൽ ഒരു ഖേദവുമില്ലെന്നും റാഫി പുതിയകടവിൽ പറയുന്നു.
ചന്ദ്രിക ദിനപ്പത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിശദീകരണം നല്‍കാനാണ് അഭിഭാഷകനായ മുഹമ്മദ് ഷാ വാര്‍ത്താസമ്മേളനം വിളിച്ചത്. യൂത്ത്ലീഗ് ദേശീയ വൈസ്പ്രസിഡന്റും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈന്‍ അലി തങ്ങളും ഷാക്കൊപ്പമുണ്ടായിരുന്നു. ഷാ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി മുഈന്‍ അലി തങ്ങള്‍ ഇടപെടുകയായിരുന്നു. 40 വർഷമായി പാർട്ടിയുടെ മുഴുവൻ ഫണ്ടും കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്ന് മുഈനലി തങ്ങൾ പറഞ്ഞു.
പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും തിരുത്തല്‍ വേണമെന്നും മുഈൻ അലി പറഞ്ഞതിനു പിന്നാലെ ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയകടവ് അസഭ്യവര്‍ഷവുമായി കയറിവന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ചതിനായിരുന്നു പ്രതിഷേധം.
ഇന്ത്യാവിഷന്‍ ആക്രമണക്കേസിലെ പ്രതിയാണ് റാഫി. ഐസ്ക്രീം പാർലർ കേസിലെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ആക്രമണം. 2004ൽ കോഴിക്കോട് ടൌൺ പൊലീസ് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു.