ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗിലെ റാഗിംഗ്; അഞ്ച് പ്രതികളെയും കോടതി റിമാന്റ് ചെയ്തു

കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗ് കോളേജിലെ റാഗിംഗ് പരാതിയില്‍ അറസ്റ്റിലായ അഞ്ച് പ്രതികളെയും കോടതി റിമാന്റ് ചെയ്തു.
ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് കോടതിയിലാണ് ഹാജരാക്കിയത്. റിമാന്‍ഡ് ചെയ്ത പ്രതികളെ കോട്ടയം സബ് ജയിലിലേയ്ക്ക് മാറ്റും. ഇടുക്കി ഏലപ്പാറ സ്വദേശിയായ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

ഇന്ന് പുലര്‍ച്ചെ ഹോസ്റ്റലില്‍ നിന്നാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ഗാന്ധി നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സാമുവല്‍ ജോണ്‍സണ്‍, എന്‍എസ് ജീവ, ക പി രാഹുല്‍ രാജ്, സി റിജില്‍ ജിത്ത്, വിവേക് എന്‍പി എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെയും പ്രിന്‍സിപ്പലിന്റെയും പരാതിയിലാണ് അറസ്റ്റ്.

ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെയാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തത്. വിദ്യാര്‍ത്ഥികളെ ഇവര്‍ മൂന്ന് മാസത്തോളം റാഗ് ചെയ്‌തെന്നാണ് പരാതിയിലുള്ളത്. വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങള്‍ കൊണ്ട് മുറിവേല്‍പ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. ആന്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തി കോളേജ് പ്രിന്‍സിപ്പാള്‍ ഇവരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.