കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റാഗിങ്ങിനെ തുടര്‍ന്ന് പഠനം പിജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ചു. ഓര്‍ത്തോ പിജി വിഭാഗത്തിലെ വിദ്യാര്‍ത്ഥി ഡോ. ജിതിന്‍ ജോയിയാണ് പഠനം നിര്‍ത്തിയത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഉറങ്ങാന്‍ പോലും അനുവദിക്കാതെ ജോലികള്‍ ചെയ്യിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും ജിതിന്‍ കോളജിലെ റാഗിംങ് കമ്മിറ്റിക്ക് പരാതി നല്‍കി.
ഡോ. മുഹമ്മദ് സാജിദ്, ഡോ. ഹരിഹരന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. രാത്രികളില്‍ ഉറങ്ങാന്‍ അനുവദിക്കാതെ വാര്‍ഡുകളില്‍ അധിക ഡ്യൂട്ടി എടുപ്പിച്ചു. മനപ്പൂര്‍വ്വം ഡ്യൂട്ടികളില്‍ വൈകിയെത്തി ജോലി ഭാരമുണ്ടാക്കി എന്നും പരാതിയില്‍ പറയുന്നു. ഇതേ കുറിച്ച് വകുപ്പ് മേധാവിയെ അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായില്ല. തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലെ പഠനം അവസാനിപ്പിച്ചത് എന്നും ജിതിന്‍ പറഞ്ഞു.
മറ്റൊരു കോളജില്‍ ചേര്‍ന്നതിന് ശേഷമാണ് ജിതിന്‍ റാഗിങ്ങിനെ കുറിച്ച് പ്രിന്‍സിപ്പാളിന് പരാതി നല്‍കിയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് റാഗിങ് കമ്മിറ്റി അന്വേഷണം നടത്തി. സീനിയര്‍ വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. പ്രിന്‍സിപ്പാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് വിഷയത്തില്‍ ഇടപെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ നടപടികള്‍ വേണ്ടെന്നായിരുന്നു ജിതിന്റെ പ്രതികരണം.