'ഈനാംപേച്ചിയും മരപ്പട്ടിയും ചിഹ്നമാകാതെ രക്ഷപ്പെടുത്തിയത് രാഹുൽ ഗാന്ധി'; സഖാക്കൾ നന്ദി പറയണമെന്ന് കുഴൽനാടൻ

ദേശീയ പാർട്ടി പദവി സിപിഎം നിലനിർത്തിയത് രാഹുൽ ഗാന്ധി കാരണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. രാജസ്ഥാനിൽ സിപിഎമ്മിന് വേണ്ടി രാഹുൽ വോട്ട് പിടിച്ചത് കൊണ്ടാണ് ഈനാംപേച്ചിയും മരപ്പട്ടിയും ചിഹ്നമാകാതെ രക്ഷപ്പെട്ടതെന്നും നിയമസഭയിൽ കുഴൽനാടൻ പറഞ്ഞു. രാജസ്ഥാനിൽ സിപിഎം സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ പിണറായി യാത്ര നടത്തിയോ‍ എന്നും കോൺഗ്രസ് നേതാക്കളാണ് അവിടെ വോട്ട് പിടിച്ചതെന്നും കുഴൽനാടൻ ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിയെ എല്ലാവരും പിന്തുണച്ചപ്പോൾ ഒരേയൊരു നേതാവാണ് എതിർത്തത്. അത് പിണറായി വിജയനാണെന്ന് കുഴൽനാടൻ നിയമസഭയിൽ പറഞ്ഞു. സിപിഎമ്മിന് ഇന്ത്യയിലുള്ള ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. രാജസ്ഥാനിലെ സിക്കാറിൽ സിപിഎം സ്ഥാനാർഥി വിജയിപ്പിക്കാൻ പിണറായി വിജയൻ യാത്ര നടത്തിയോ‍? താങ്കൾ വിദേശത്ത് കുടുംബസമേതം നടക്കുമ്പോൾ രാഹുൽ ഗാന്ധിയും അശോക് ഗെഹ്ലലോട്ടും സച്ചിൻ പൈലറ്റും അരിവാൾ ചുറ്റിക നക്ഷത്രത്തിന് വേണ്ടി രാജസ്ഥാനിൽ വോട്ട് പിടിച്ചത് കൊണ്ടാണ് ഈനാപേച്ചിയും മരപ്പട്ടിയും നിങ്ങളെ തേടിവരാത്തത്. കമ്മ്യൂണിസം മനസിലുള്ള സഖാക്കന്മാരെ നിങ്ങൾ രാഹുൽ ഗാന്ധിയോടാണ് ഇന്ന് നന്ദി പറയേണ്ടതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ സിക്കാറിൽ നിന്നുള്ള സിപിഎം സ്ഥാനാർഥിയായ അമ്ര റാം 72896 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ സ്ഥാനാർഥിയോട് ജയിച്ചത്.